'സ്ലാബുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തണം'; കാനകൾ പരിശോധിക്കാൻ നിർദേശം നൽകി തിരുവനന്തപുരം മേയർ

മീഡിയവണ്‍ വാർത്ത കണ്ടപ്പോള്‍ തന്നെ നടപടിക്ക് നിർദേശം നല്‍കിയെന്ന് മേയർ പറഞ്ഞു

Update: 2022-11-19 09:58 GMT
Advertising

തിരുവനന്തപുരം: മീഡിയവൺ വാർത്തയ്ക്ക് പിന്നാലെ കോർപ്പറേഷനിലെ ഓടകൾ പരിശോധിക്കാൻ നിർദേശം നൽകി മേയർ ആര്യാ രാജേന്ദ്രൻ. സ്ലാബുകൾ സുരക്ഷിതമാണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്താൻ നഗരസഭാ സെക്രട്ടറിക്ക്‌ മേയർ നിർദേശം നൽകി. ബലക്ഷയം ഉണ്ടെങ്കിൽ പരിഹരിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും മേയർ ആവശ്യപ്പെട്ടു. മീഡിയവണ്‍ വാർത്ത കണ്ടപ്പോള്‍ തന്നെ നടപടിക്ക് നിർദേശം നല്‍കിയെന്ന് മേയർ പറഞ്ഞു.

അതേസമയം കൊച്ചി നഗരത്തിലെ കാനകൾക്കും ഓടകൾക്കും മുകളിൽ സ്ലാബിടുന്ന പ്രവൃത്തികൾക്കായുള്ള എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കുമെന്ന് കോർപ്പറേഷൻ എൻജിനിയറിങ് വിഭാഗം അറിയിച്ചു. ഇന്നലെ അപകടമുണ്ടായ പനമ്പിള്ളി നഗറിൽ കമ്പിവേലി കെട്ടുന്ന ജോലികൾ പുരോഗമിക്കുകയാണ്. രണ്ടാഴ്ച്ചക്കകം ഓടകൾ അടയ്ക്കാനാണ് ഹൈക്കോടതി നിർദേശം.

പ്രശ്‌നങ്ങളുണ്ടായിട്ട് പരിഹാരം കാണുന്ന കോർപ്പറേഷന്റെ രീതി തന്നെയാണ് പലപ്പോഴും വിനയാകുന്നത്. സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ ബ്രേക് ത്രൂ വിവിധ വകുപ്പുകളുമായി ചേർന്ന് ആദ്യഘട്ടം ഭംഗിയായെങ്കിലും പിന്നീട് അത് ഇഴഞ്ഞ് നീങ്ങി. വെളളക്കെട്ട് പരിഹരിക്കാൻ അടിയന്തരമായി പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കെയാണ് രണ്ടാഴ്ചക്കകം നഗരത്തിലെ എല്ലാ കാനകൾക്കും ഓടകൾക്കും മേലെ സ്ലാബുകൾ വേണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസന വന്നത്. അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും രക്തത്തിൽ അണുബാധ ഉള്ളതിനാൽ കുട്ടി ആശുപത്രിയിൽ തുടരുകയാണ്.

കോഴിക്കോട് നഗരത്തിലെ ഓടകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പലയിടത്തും ഓടകൾക്ക് സ്‌ളാബില്ല. സ്‌ളാബ് തകർന്നിട്ട് മാസങ്ങളായിട്ടും നടപടിയില്ലെന്ന് വ്യാപാരികൾ പറയുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News