യഥാർഥ കേരള കോൺഗ്രസ് ഏതെന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകും: ഫ്രാന്‍സിസ് ജോര്‍ജ്
മീഡിയവൺ ദേശീയപാതയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോട്ടയം: യഥാർഥ കേരള കോൺഗ്രസ് ഏതെന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്ന് കോട്ടയത്തെ യു.ഡി.എഫ് ഫ്രാൻസിസ് ജോർജ്. മീഡിയവൺ ദേശീയപാതയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസിന്‍റെ ഈറ്റില്ലമാണ് കോട്ടയം. കോട്ടയത്തു നിന്നാണ് കേരള കോണ്‍ഗ്രസ് ആരംഭിച്ചത്. തിരുനക്കര മൈതാനത്ത് 1964 ഒക്ടോബര്‍ 9ന് സമുദായാചാര്യന്‍ ഭാരത കേസരി മന്നത്തപ്പന്‍ തിരി തെളിച്ച് കേരള കോണ്‍ഗ്രസിന് തുടക്കം കുറിച്ചത്. സ്വഭാവികമായും കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കോട്ടയത്തോട് വൈകാരിക ബന്ധമുണ്ട്. പല നിയോജകമണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസാണ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തത്. പാര്‍ലമെന്‍റിലേക്കും കേരള കോണ്‍ഗ്രസാണ് വിജയിച്ചുപോയത്. ആരാണ് യഥാര്‍ഥ കോണ്‍ഗ്രസെന്ന ചര്‍ച്ചക്ക് വിരാമമിടുന്നതായിരിക്കും കോട്ടയത്തെ വിജയമെന്നാണ് ഞങ്ങളുടെ വിശ്വാസം.
കേരള കോണ്‍ഗ്രസ് എന്നു പറയുമ്പോള്‍ ഒരു യുഡിഎഫ് മനോഭാവമുള്ള ജനവിഭാഗമാണ്. തോമസ് ചാഴികാടന്‍ ഇടതുപക്ഷത്തിലേക്ക് പോയെങ്കിലും ഒറിജിനല്‍ കേരള കോണ്‍ഗ്രസ് എന്ന ഞങ്ങളുടെ പാര്‍ട്ടി യുഡിഎഫില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ സമവാക്യങ്ങളൊക്കെ മാറും. അത് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നമുക്ക് മനസിലാകും. അതുകൊണ്ട് ഞങ്ങള്‍ക്ക് ആശങ്കയില്ല. കേരള കോണ്‍ഗ്രസ് അനുഭാവമുള്ളവരും ഇടതുപക്ഷത്തുള്ളവര്‍ പോലും ഇത്തവണ യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തും. ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അതിന്‍റെ പള്‍സ് കിട്ടുന്നുണ്ട്. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പറയുന്നവരുമുണ്ട്. ഇതൊരു കെട്ടുകഥയുണ്ടാക്കി പറയുന്നതല്ല. ഒരു കാരണവശാലം കഴിഞ്ഞ തവണത്തെ രാഷ്ട്രീയ സമവാക്യം ഇത്തവണ വര്‍ക്കൗട്ടാവാകില്ല. ഇപ്രാവശ്യം കൃത്യമായ നിലപാട് ജനങ്ങള്‍ക്കുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ ഒരു മാറ്റമുണ്ടാകണമെന്ന് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനു കാരണങ്ങളുമുണ്ട്.
കേരളത്തില്‍ അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ച് കടുത്ത പ്രതിഷേധവും അവമതിപ്പുമാണ് വളരെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയിലുള്ളത്. അവരെ സംബന്ധിച്ചിടത്തോളം ഇതില്‍പരം ഒരു അവഗണന നേരിടേണ്ടി വന്ന കാലമുണ്ടായിട്ടില്ല. പെന്‍ഷന്‍ കിട്ടുന്നില്ല, ശമ്പളം കിട്ടുന്നില്ല, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, റേഷന്‍കടകള്‍ പോലും അടഞ്ഞുപോകുന്നു, സപ്ലൈകോ ഔട്ട്‍ലെറ്റുകളൊക്കെ വളരെ മോശമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമൊക്കെ ഈ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായതാണ്. ഇതെല്ലാം പോസിറ്റിവായി വരുന്നത് യുഡിഎഫിനായിരിക്കും.ആ നിലയില്‍ സാധാരണ കാണുന്ന മുന്നണി ബലമോ പാര്‍ട്ടി ബലമോ അതിനപ്പുറമുള്ള ഒരു രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ..ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.