സന്ധ്യയില്ല, സുദേശും; ഡി.ജി.പി പദത്തിലേക്ക് അനിൽകാന്തിന് വഴി തെളിഞ്ഞതിങ്ങനെ

സർവീസ് കാലയളവിൽ വിവാദങ്ങളിൽ പെടാതെ ക്ലീൻ ഇമേജോടെ പ്രവർത്തിച്ചതാണ് അനിൽകാന്തിനെ സർക്കാരിനും പ്രിയപ്പെട്ടവനാക്കുന്നത്.

Update: 2021-06-30 06:47 GMT
Editor : Suhail | By : Web Desk
Advertising

ഒടുവില്‍ പൊലീസ് മേധാവിയുടെ കാര്യത്തില്‍ തീരുമാനമായി. ലോക്നാഥ് ബെഹ്റ പടിയിറങ്ങുമ്പോൾ കേരള പൊലീസ് തലപ്പത്തേക്ക് എത്തുന്നത് വൈ അനിൽകാന്ത് ഐ.പി.എസ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. മുതിർന്ന പൊലീസ് മേധാവികളായ സുദേഷ് കുമാറിനെയും ബി സന്ധ്യയെയും പിന്തള്ളിയാണ് അനിൽകാന്ത് പൊലീസ് തലപ്പത്തേക്ക് എത്തുന്നത്. സർവീസ് കാലയളവിൽ വിവാദങ്ങളിൽ പെടാതെ ക്ലീൻ ഇമേജോടെ പ്രവർത്തിച്ചതാണ് അനിൽകാന്തിനെ സർക്കാരിനും പ്രിയപ്പെട്ടവനാക്കുന്നത്.

കേരള പൊലീസ് മേധാവിയാകുന്ന ആദ്യ പട്ടികവർ​ഗ വിഭാ​ഗക്കാരനാണ് അനിൽകാന്ത്. നിലവിൽ സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറാണ് അനിൽകാന്ത്. പട്ടികയിൽ ഉണ്ടായിരുന്ന വിജിലൻസ് ഡയറക്ട്ർ സുദേഷ് കുമാർ, ഫയർഫോഴ്സ് മേധാവി ബി സന്ധ്യ എന്നിവരിൽ നിന്ന് വ്യത്യസ്തമായി, മാധ്യമങ്ങളിൽ കൂടി ജനങ്ങൾക്ക് പരിചിതമല്ലാത്ത വ്യക്തിയാണ് അനിൽകാന്ത്.

വിവാദങ്ങൾക്കൊപ്പം പോയില്ല എന്നുള്ളത് തന്നെയായിരുന്നു അനിൽകാന്ത് പരിചിത മുഖമല്ലാത്തതിന് കാരണവും. ആദ്യമായി സംസ്ഥാനത്തിന് ബി സന്ധ്യയിലൂടെ ഒരു വനിത ഡി.ജി.പിയെന്ന ചരിത്ര നിമിഷമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അനിൽകാന്ത് അനുകൂലമായി തീരുമാനം വന്നത്.

വിവാദങ്ങളിൽ നിന്ന് സ്വയം മാറിനിൽക്കുന്ന പ്രകൃതക്കാരനായ ഡിജിപി, ഏറ്റവും ഒടുവിലായി സോളാർ കേസിന്‍റെ സമയത്ത് ഇത് കാണിച്ച് തരുകയും ചെയ്തു. ഏറെ വിവദമായ സോളാർ കേസിന്റെ അന്വേഷണ ചുമതല നൽകിയപ്പോൾ, അതിൽ നിന്ന് തന്നെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് അനിൽകാന്ത് ഡി.ജി.പിക്ക് കത്തയച്ചത് ചർച്ചയായിരുന്നു.

എന്നാൽ സർവീസ് കാലയളവിൽ മികച്ച പ്രകടനം കാഴച്ചവെച്ചതും അനിൽകാന്തിന് പൊസീസ് തലപ്പത്തേക്കുള്ള വഴി എളുപ്പമാക്കി. വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ​ഗതാ​ഗത കമ്മീഷണർ, റോഡ് സുരക്ഷാ കമ്മീഷണർ എന്നീ പ്രധാനപ്പെട്ട പല തസ്തികകളിലും പ്രവർത്തിച്ച അനിൽകാന്തിന് കേരളത്തിലെ മിക്ക ജില്ലകളിലും പ്രവർത്തിച്ചുള്ള പരിചയമുണ്ട്. ദക്ഷിണ മേഖല എ.ഡി.ജി.പി ആയിരിക്കെ ഉത്തരമേഖലയുടെ അധിക ചുമതല കൂടി വഹിച്ചുള്ള സമ​ഗ്രമായ പ്രവർത്തി പരിചയവുമുണ്ട് അനിൽകാന്തിന്.

യു.പി.എസ്.സി സർക്കാരിന് കൈമാറിയ പട്ടികയിൽ സുദേശ് കുമാറാണ് മുന്നിലുണ്ടായിരുന്നത്. എന്നാൽ മകൾ പൊലീസുകാരനെ മർദിച്ചത് വലിയ മാധ്യമശ്രദ്ധ നേടുകയും വിവാദമാവുകയും ചെയ്തിരുന്നു. ക്യാമ്പ് ഫോളോവർമാരെ ദാസ്യപ്പണിയെടുപ്പിച്ചതും സുദേശ് കുമാറിന് തിരിച്ചടിയായി. ഇതിനെല്ലാം പുറമെ പൊലീസ് സംഘടനകൾക്കും സുദേശ് കുമാർ അത്ര പ്രിയങ്കരനായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

വിവാദപരമായ ചില കേസുകൾ കൈകാര്യം ചെയ്തതിൽ സിപിഎമിന്നും സർക്കാരിനുമുണ്ടായ അതൃപ്തിയാണ് സന്ധ്യയ്ക്ക് തടസ്സമായി നിന്നത്. ഷൊർണൂർ എ.എസ്.പിയായിരിക്കെ പാലക്കാട്ട് പതിനൊന്നുകാരി സിറാജുന്നിസയെ വെടിവെച്ച് കൊന്ന സംഭവം ബി സന്ധ്യയുടെ കരിയറിലെ കറുത്ത പാടായി നിലനിൽക്കുന്നു. അന്ന് ഡി.എ.ജിയായിരുന്ന രമൺ ശ്രീവാസ്തവയുടെ നിർദേശ പ്രകാരം വെടിവെപ്പിന് ഉത്തരവിട്ടത് സന്ധ്യയായിരുന്നു. എന്നാൽ 2023 വരെ സർവീസുള്ള ബി സന്ധ്യയെ പൂർണമായും മാറ്റി നിർത്തി എന്ന് പറയാനും സാധ്യമല്ല. ഈ സർക്കാരിന്റെ കാലത്ത് തന്നെ വനിതാ ഡി.ജി.പിയായി ബി സന്ധ്യ വന്നാൽ അത്ഭുതപ്പെടാനില്ല. 

പഞ്ചാബ് സ്വദേശിയായ അനില്‍കാന്ത് 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2022 ജനുവരി വരെയാണ് ഇദ്ദേഹത്തിന്‍റെ സർവീസ് കാലാവധി.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News