കല്ലുവാതുക്കല്‍ ക്രൈം സ്റ്റോറിയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ...!

ഒരു തുമ്പും അവശേഷിപ്പിക്കാതെ കണ്ടെത്തിയ നവജാത ശിശുവിന്‍റെ മാതാപിതാക്കള്‍ ആരാണെന്ന പോലീസ് അന്വേഷണമാണ് വലിയൊരു തട്ടിപ്പിന്‍റെയും മൂന്ന് പേരുടെ ആത്മഹത്യയുടെയും പിന്നാമ്പുറ കഥയുടെ ചുരുളഴിച്ചത്.

Update: 2021-07-03 16:58 GMT
Editor : ijas
Advertising

കൊല്ലം കല്ലുവാതുക്കലില്‍ നിന്നും ഏറ്റവും അവസാനം പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം നടന്നത് ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന സംഭവപരമ്പരകളാണ്. ജനുവരി അഞ്ചാം തിയതി കേസിലെ പ്രതിയായ രേഷ്മയുടെ പിതാവ് സുദര്‍ശനന്‍ പിള്ളയുടെ കരിയില പടര്‍ന്ന പറമ്പില്‍ കണ്ടെത്തിയ നവജാതശിശുവില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഒരു തുമ്പും അവശേഷിപ്പിക്കാതെ കണ്ടെത്തിയ നവജാത ശിശുവിന്‍റെ മാതാപിതാക്കള്‍ ആരാണെന്ന പോലീസ് അന്വേഷണമാണ് വലിയൊരു തട്ടിപ്പിന്‍റെയും മൂന്ന് പേരുടെ ആത്മഹത്യയുടെയും പിന്നാമ്പുറ കഥയുടെ ചുരുളഴിച്ചത്.

കുഞ്ഞിന്‍റെ മാതാപിതാക്കളാര്?

ജനുവരി അഞ്ചിനാണ് നവജാത ശിശുവിനെ കരിയിലക്കാറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത രീതിയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയിരുന്നത്. കനത്ത തണുപ്പേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരിച്ചു. ഇവിടെ നിന്നാണ് പോലീസ് കുഞ്ഞിന്‍റെ മാതാപിതാക്കളെ തേടി അന്വേഷണം ആരംഭിച്ചത്.

ഡി.എന്‍.എ വഴി യഥാര്‍ത്ഥ മാതാപിതാക്കളിലേക്ക്?

കുഞ്ഞിനെ ഉപേക്ഷിച്ച കേസ് പാരിപ്പള്ളി പോലീസാണ് ആദ്യം അന്വേഷിച്ചത്. കുഞ്ഞിനെ കണ്ടെത്തിയ പ്രദേശത്തിന് സമീപത്തെ ആളുകളില്‍ നിന്നും ആരംഭിച്ച അന്വേഷണം തുടക്കത്തില്‍ ഇരുട്ടില്‍ തപ്പി. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങളുടെ പിറകെയും ആശുപത്രി റെക്കോര്‍ഡുകള്‍ പരിശോധിച്ചും ലോഡ്ജുകള്‍ക്ക് പിറകെയും നടത്തിയ പോലീസ് അന്വേഷണം പക്ഷേ അവസാനം ഉത്തരം കിട്ടാതെയാണ് അവസാനിച്ചത്.

തുടര്‍ന്നാണ് പോലീസ് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് തിരിക്കുന്നത്. ഡി.എന്‍.എ വഴി കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്തുക എന്ന ശാസ്ത്രീയ രീതി പിന്‍പറ്റാന്‍ പോലീസ് തീരുമാനിച്ചു. പ്രദേശത്തെ സംശയമുള്ളവരുടെ എല്ലാം ഡി.എന്‍.എ പോലീസ് അന്വേഷണാവശ്യത്തിനായി ശേഖരിച്ചു.

ഡി.എന്‍.എ പരിശോധനയിലെ ട്വിസ്റ്റ്!

കേസിലെ പ്രതി രേഷ്മയുടെയും ഡി.എന്‍.എ പോലീസ് അന്വേഷണ ആവശ്യത്തിനായി ശേഖരിച്ചിരുന്നു. അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും പ്രതിയായി പോലീസ് സംശയിക്കാത്ത രേഷ്മ പിടിക്കപ്പെടുന്നത് ഈ ഡി.എന്‍.എ പരിശോധനയിലാണ്. മരിച്ച കുഞ്ഞ് രേഷ്മ-വിഷ്ണു ദമ്പതിമാരുടേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞതോടെ പോലീസ് അന്വേഷണത്തിന് വ്യക്തത കൈവരിച്ചു. പോലീസിനോട് കുറ്റം സമ്മതിച്ച രേഷ്മ തന്‍റെ കുഞ്ഞാണെന്നും ആരുമറിയാതെയാണ് പ്രസവിച്ചതെന്നും വെളിപ്പെടുത്തി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനുമായി ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും രേഷ്മ പോലീസിനോട് കുറ്റസമ്മതം നടത്തി. ഗര്‍ഭം ധരിച്ച് ഒമ്പതാം മാസമാണ് രേഷ്മ പ്രസവിച്ചതെന്നും പ്രസവത്തിന് ശേഷം യാതൊരു ശാരീരിക അവശതകളും യുവതി കാണിച്ചില്ലെന്നുമാണ് പോലീസിന് ലഭിക്കുന്ന വിവരം.

Full View

ആരാണ് ആ ഫേസ്ബുക്ക് കാമുകന്‍?

ഇവിടെയാണ് പോലീസ് അന്വേഷണത്തിന്‍റെ അടുത്ത പ്രധാനഘട്ടത്തിലേക്ക് കടക്കുന്നത്. കേസിലെ പ്രതിയെ പിടികൂടിയെങ്കിലും കൃത്യത്തിന് പ്രേരിപ്പിച്ച ആ കാമുകന്‍ ആരാണെന്ന അന്വേഷണം പക്ഷേ എത്തിച്ചത് ഇരട്ട ആത്മഹത്യയിലും പ്രാങ്കാണെന്ന(കളിപ്പിക്കുക) നടുക്കുന്ന വെളിപ്പെടുത്തലിലേക്കുമാണ്.

ഏറെ നേരം മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്ന രേഷ്മക്ക് ആറോളം ഫേസ്ബുക്ക് അക്കൗണ്ടുകളാണുള്ളത്. നേരിട്ടു കണ്ടിട്ടില്ലാത്ത കാമുകനുമായി മാസങ്ങള്‍ നീണ്ട ബന്ധമാണ് രേഷ്മക്കുണ്ടായിരുന്നത്. 'അനന്തു'  എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് രേഷ്മ ചാറ്റ് നടത്തിയതെന്നും ഈ വ്യക്തിയാണ് കാമുകനെന്നും വെളിപ്പെടുത്തിയതോടെ ഇവരെ തപ്പിയായി പോലീസിന്‍റെ തുടര്‍ന്നുള്ള അന്വേഷണം. ആദ്യം ഫേസ്ബുക്കുമായി ബന്ധപ്പെട്ടെങ്കിലും രേഷ്മ തന്‍റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തതിനാല്‍ ആ ശ്രമം ഫലം കാണില്ലെന്ന് പോലീസിന് ഉപദേശം കിട്ടി.

അതോടെ ഓണ്‍ലൈന്‍ അന്വേഷണം അവസാനിപ്പിച്ച പോലീസ് കൊല്ലം പ്രദേശം കേന്ദ്രീകരിച്ച് അന്വേഷണം കടുപ്പിച്ചു. ഈ അന്വേഷണത്തില്‍ 200ഓളം അനന്തു എന്ന പേരുള്ള ആളുകളെ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. ഈ അന്വേഷണവും കാര്യമായ പുരോഗതി കൈവരിച്ചില്ല. ഇതിനിടയില്‍ രേഷ്മയുടെ കുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിലുള്‍പ്പെട്ട ആര്യയും ഗ്രീഷ്മയും പിന്നീട് ഇത്തിക്കരയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവ പരമ്പരകളിലെ ഇവരുടെ സാന്നിധ്യം പോലീസ് അന്വേഷിക്കുന്നത്.

രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്‍റെ സഹോദരന്‍ കല്ലുവാതുക്കല്‍ മേവനക്കോണം തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്‍റെ ഭാര്യ ആര്യ(23), വിഷ്ണുവിന്‍റെ സഹോദരി രജിതയുടെയും മേവനക്കോണം രേഷ്മ ഭവനില്‍ രാധാകൃഷ്ണന്‍ നായരുടെയും മകള്‍ ഗ്രീഷ്മ (ശ്രുതി -21) എന്നിവരുടെ പിറകെ പോയ പോലീസിന് പിന്നീട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. മരിച്ച ആര്യയുടെയും ഗ്രീഷ്മയുടെയും സുഹൃത്തിന്‍റെ നിര്‍ണായക വെളിപ്പെടുത്തലിലൂടെയാണ് പോലീസിന് കേസിലെ തുമ്പ് ലഭിച്ചത്.

കാമുകനെന്ന പേരിൽ രേഷ്മയോട് ഫേസ്ബുക്ക് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത ആര്യയും ഗ്രീഷ്മയുമാണെന്നും ഇരുവരുടെയും ബന്ധത്തില്‍ ഫോൺ വിളികൾ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. കേസ് തെളിയിക്കാന്‍ സഹായിച്ച സുഹൃത്തിന്‍റെ രഹസ്യമൊഴി പോലീസ് കേസില്‍ രേഖപ്പെടുത്തും. രേഷ്മയെ കളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. ബുദ്ധിശൂന്യമായ ഈ പ്രവർത്തിമൂലം നവജാത ശിശുവിന്‍റെ അടക്കം മൂന്ന് ജീവനുകൾ ആണ് നഷ്ടമായത്.

Full View


Tags:    

Editor - ijas

contributor

Similar News