ജ്യൂസ് ബോട്ടിലിന്റെ നിറവ്യത്യാസം, അടപ്പിന്റെ ഉറപ്പ്; കൊലപാതകം തെളിഞ്ഞ വഴി ഇങ്ങനെ
പതിവായി കഴിക്കുന്ന കഷായമാണെന്നാണ് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നത്. എന്നാൽ അത് ഏത് കഷായമാണെന്ന് പൊലീസ് ചോദിച്ചപ്പോൾ അതിന്റെ കുപ്പി കഴുകിവെച്ചെന്നും പരിശോധിക്കണമെന്നുമായിരുന്നു ഗ്രീഷ്മ പറഞ്ഞത്.
തിരുവനന്തപുരം: ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് ഗ്രീഷ്മയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ സംബന്ധിച്ച സംശയം. ജ്യൂസ് ചലഞ്ച് എന്നു പറഞ്ഞ് ഗ്രീഷ്മ രണ്ടാഴ്ച മുമ്പ് ഷാരോണിനൊപ്പം ജ്യൂസ് കുപ്പികളുമായി നിൽക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. രണ്ട് ജ്യൂസ് കുപ്പികളാണ് ഗ്രീഷ്മയുടെ കയ്യിലുണ്ടായിരുന്നത്. ഇതിലെ ജ്യൂസുകൾ തമ്മിൽ നിറവ്യത്യാസമുണ്ടായിരുന്നു. മാത്രമല്ല, ഒരു കുപ്പിയുടെ അടപ്പ് ഗ്രീഷ്മ വേഗത്തിൽ തുറന്നപ്പോൾ രണ്ടാമത്തെ കുപ്പിയുടെ അടപ്പ് അൽപം ബുദ്ധിമുട്ടിയാണ് തുറന്നത്. ആദ്യത്തെ കുപ്പി പഴയതാണെന്നും അതിന്റെ അടപ്പ് നേരത്തെ തുറന്ന് അതിൽ എന്തോ കലർത്തിയിട്ടുണ്ടെന്ന് സംശയം ജനിപ്പിക്കാൻ ഇത് കാരണമായി. ഷാരോണിന്റെ പിതാവ് ഇത് നേരത്തെ ഉന്നയിച്ചിരുന്നു.
എന്ത് കഷായമാണ് ഷാരോണിന് കൊടുത്തത് എന്നത് സംബന്ധിച്ച ചോദ്യത്തിന് കൃത്യമായി മറുപടി നൽകാൻ ഗ്രീഷ്മക്ക് കഴിയാത്തതും സംശയത്തിനിടയാക്കി. പതിവായി കഴിക്കുന്ന കഷായമാണെന്നാണ് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നത്. എന്നാൽ അത് ഏത് കഷായമാണെന്ന് പൊലീസ് ചോദിച്ചപ്പോൾ അതിന്റെ കുപ്പി കഴുകിവെച്ചെന്നും പരിശോധിക്കണമെന്നുമായിരുന്നു ഗ്രീഷ്മ പറഞ്ഞത്.
മുമ്പും പല തവണ ജ്യൂസിൽ വിഷം കലർത്തി നൽകിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 14-ാം തിയ്യതി നൽകിയ അളവ് കൂടിപ്പോയതുകൊണ്ടാണ് ഷാരോണിന്റെ നില പെട്ടെന്ന് വഷളായത്. അതേസമയം ജ്യൂസിലാണോ കഷായത്തിലാണ് വിഷം കലർത്തിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊലപാതകത്തിന് മറ്റൊരാളുടെ കൂടി സഹായം ഗ്രീഷ്മക്ക് ലഭിച്ചതായും പൊലീസ് പറയുന്നുണ്ട്. ഇതാരാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് പങ്കില്ലെന്നാണ് പ്രാഥമിക വിവരം.