''പിതാവ് പുറത്തിറങ്ങിയാൽ എന്നെയും കൊല്ലും; ജയിലിൽ നിന്ന് ഇറങ്ങാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യും''-ഹമീദിന്റെ മകൻ
ശനിയാഴ്ച പുലർച്ചെയാണ് ഹമീദ് മകൻ ഫൈസലിനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. ഇയാളും മക്കളും തമ്മിൽ ഏറെ നാളായി തർക്കങ്ങൾ നിലനിന്നിരുന്നു
തൊടുപുഴയിൽ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ പ്രതി ഹമീദ് ജയിലിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മൂത്തമകൻ ഷാജി. പിതാവ് പുറത്തിറങ്ങിയാൽ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തും. 30 വർഷമായി പിതാവ് തങ്ങളുമായി സഹകരിക്കാറില്ല. തന്നെയും സഹോദരനെയും ഉപദ്രവിക്കുക മാത്രമാണ് ചെയ്തിരുന്നത്. പലരോടും മക്കളെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷെ ചെയ്യുമെന്ന് കരുതിയിരുന്നില്ല. പിതാവിന് യാതൊരു നിയമസഹായവും നൽകില്ലെന്നും ഷാജി പറഞ്ഞു.
ശനിയാഴ്ച പുലർച്ചെയാണ് ഹമീദ് മകൻ ഫൈസലിനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. ഇയാളും മക്കളും തമ്മിൽ ഏറെ നാളായി തർക്കങ്ങൾ നിലനിന്നിരുന്നു. ഭക്ഷണത്തോടൊപ്പം മത്സ്യവും മാംസവും വേണമെന്ന് ഹമീദിന് നിർബന്ധമായിരുന്നു. വെള്ളിയാഴ്ച രാവിലെ ഭക്ഷണത്തിന് മാംസം കിട്ടാത്തതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതാണ് പെട്ടന്നുള്ള പ്രകോപനമെന്നാണ് കരുതുന്നത്.
ഇന്നലെ തന്നെ പൊലീസ് ഹമീദുമായി തെളിവെടുപ്പ് നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഹമീദ് റിമാൻഡിലാണ്. കത്തിക്കാൻ ഉപയോഗിച്ച പെട്രോൾ മോഷ്ടിച്ചതാണെന്നാണ് സൂചന. ഇതെവിടെനിന്ന് മോഷ്ടിച്ചു എന്നത് അടക്കമുള്ള വിവരങ്ങൾക്ക് ഹമീദിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും.