സ്വപ്‌നയുടെ ആരോപണം; മിണ്ടി ഐസക്, മിണ്ടാതെ കടകംപള്ളിയും ശ്രീരാമകൃഷ്ണനും
താൻ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല. സ്വബോധമുള്ള ആരെങ്കിലും അങ്ങനെ ക്ഷണിക്കുമോ?
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് സിപിഎം നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. താൻ മന്ത്രിയായിരുന്ന വേളയിൽ സ്വപ്‌ന സുരേഷിനെ മൂന്നാറിലേക്ക് ക്ഷണിച്ചെന്ന ആരോപണം ശരിയല്ലെന്ന് ഐസക് പ്രതികരിച്ചു. സ്വബോധമുള്ള ആരെങ്കിലും അങ്ങനെ ക്ഷണിക്കുമോ എന്നും അദ്ദേഹം മാധ്യമങ്ങളോടു ചോദിച്ചു.
തോമസ് ഐസകിന് പുറമേ, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് സ്വപ്‌ന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്ന പാർട്ടി വിലയിരുത്തലിനിടെയാണ് ഐസക് വിഷയത്തിൽ മാധ്യമങ്ങളുമായി സംസാരിച്ചത്. ഇതോടെ, കടകംപള്ളിയും പി ശ്രീരാമകൃഷ്ണനും വിശദീകരണം നൽകാൻ നിർബന്ധിതമായേക്കും.
ആരോപണം പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനുള്ള ശ്രമം ആരംഭിച്ചതിന് പിന്നാലെയാണ് ഐസകിന്റെ വിശദീകരണം. ആരോപണത്തിൽ തന്റെ പേര് ചേർത്തത് ബോധപൂർവ്വമാണ്. താൻ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല. സ്വബോധമുള്ള ആരെങ്കിലും അങ്ങനെ ക്ഷണിക്കുമോ? വിഷയത്തിൽ നിയമനടപടി വേണമോ എന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കും. സ്വപ്‌ന ബിജെപിയുടെ ദത്തുപുത്രിയാണ്- എന്നിങ്ങനെയാണ് തോമസ് ഐസക് പ്രതികരിച്ചത്.
കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റയ്ക്ക് വരാൻ ആവശ്യപ്പെട്ടുവെന്നുമാണ് സ്വപ്‌ന പറഞ്ഞിരുന്നത്.
'ഒരു കാരാണവശാവും വീട്ടിൽ കയറ്റാൻ കൊള്ളാത്ത വ്യക്തിത്വമാണ് കടകംപള്ളി സുരേന്ദ്രന്റേത്. ഒരു മന്ത്രിയുടെ നിലയിൽ നിന്നുകൊണ്ടല്ല അദ്ദേഹം പെരുമാറിയത്. ലൈംഗിക മെസേജുകൾ അയച്ചു. ലൈംഗികതയ്ക്കായി നിർബന്ധിച്ചു. ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ എനിക്കതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല. ശിവശങ്കറിന് ഇക്കാര്യം അറിയാമായിരുന്നു. അദ്ദേഹമൊരു മന്ത്രിയല്ലേ എന്നാണ് മറുപടി പറഞ്ഞത്. ഈ വാട്സാപ്പ് സന്ദേശങ്ങളൊക്കെ ഇഡിയുടേയും മറ്റു അന്വേഷണ ഏജൻസികളുടേയും പക്കലുണ്ട്. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റോ കളവോ ഉണ്ടെങ്കിൽ കടകംപള്ളി സുരേന്ദ്രൻ കേസ് കൊടുക്കട്ടെ. എനിക്ക് ആരേയും ബ്ലാക്ക്മെയിൽ ചെയ്യേണ്ട കാര്യമില്ല. അതിൽ താത്പര്യമില്ല. ഞാൻ ആട്ടിവിട്ടു, ഒരു സ്ത്രീക്ക് അതിന്റെ ആവശ്യമേയുള്ളൂ. അതിന് ശേഷം എന്നോട് ദേഷ്യമായി. കേരളത്തിലെ രാഷ്ട്രീയക്കാർക്ക് സ്ത്രീകളോട് തുറന്ന് ഇടപെടാൻ പറ്റാത്തതിൽ വല്ലാത്ത മോഹഭംഗം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.'- എന്നായിരുന്നു കടകംപള്ളിക്കെതിരെയുള്ള സ്വപ്നയുടെ ആരോപണം.
'പി.ശ്രീരാമകൃഷ്ണന്‍ ഒരു കോളേജ് വിദ്യാർഥിയെ പോലെയാണ് എന്നോട് പെരുമാറിയത്. 'ഐ ലവ് യു' എന്നടക്കം മെസേജുകൾ നിരന്തരം അയക്കുകയും റൂമിലേക്കും വീട്ടിലേക്കും വിളിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. ഇതും ശിവശങ്കറിനോട് പറഞ്ഞിട്ടുണ്ട്. ഒരു ഫ്രണ്ട്ഷിപ്പിന്റെ ഭാഗമായുള്ള ബന്ധങ്ങൾ ശ്രീരാമകൃഷ്ണനും മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ഔദ്യോഗിക ഭവനത്തിലേക്ക് ഒറ്റയ്ക്ക് വരാനൊക്കെ ആവശ്യപ്പെട്ടിട്ടുണ്ട്.' - അവർ പറഞ്ഞു.
മറ്റുള്ളവരെപ്പോലെ ഡയറക്ടല്ല തോമസ് ഐസക് എന്നാണ് സ്വപ്‌ന ആരോപിച്ചിരുന്നത്. 'മുൻ ഭർത്താവിന്റെ വ്യക്തിഗത ആവശ്യത്തിനാണ് തോമസ് ഐസക്കിന്റെയടുത്ത് ചെന്നത്. ഒപ്പം കോൺസുലേറ്റിലെ പി.ആറും ഉണ്ടായിരുന്നു. അദ്ദേഹം രണ്ടാം നിലയിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. എന്നാൽ അദ്ദേഹം മറ്റുള്ളവരെ പോലെ ഡയറക്ടല്ല. ചില സിഗ്‌നലുകൾ തരും. മൂന്നാറിലേക്ക് കൊണ്ടുപോകാമെന്നൊക്കെ പറഞ്ഞിട്ടുണ്ട്'- എന്നിങ്ങനെയായിരുന്നു ആരോപണങ്ങൾ.