'പി.സി ചാക്കോ വന്നതോടെ എന്‍.സി.പി ദുർബലപ്പെട്ടു, കുട്ടനാട് സീറ്റ് ഇല്ലാതാക്കാന്‍ നീക്കം': തോമസ് കെ തോമസ് എം.എല്‍.എ
'താൻ ശരത് പവാറിന്‍റെ ആളാണെന്നും എല്ലാവരെയും തട്ടിക്കളയും എന്നുമാണ് ചാക്കോയുടെ മനോഭാവം'
ആലപ്പുഴ: എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോക്കെതിരെ രൂക്ഷവിമര്‍ശനവുമായി കുട്ടനാട് എം.എല്‍.എ തോമസ് കെ തോമസ്. പി.സി ചാക്കോ വന്നതോടെ പാർട്ടി ദുർബലപ്പെട്ടു. ചാക്കോ വന്നത് മുതൽ പാർട്ടിക്ക് തലവേദനയാണ്. പാർട്ടിയെ നശിപ്പിക്കുക എന്നതാണ് ചാക്കോയുടെ ലക്ഷ്യമെന്നും തോമസ് കെ തോമസ് കുറ്റപ്പെടുത്തി.
സംസ്ഥാന അധ്യക്ഷൻ എന്നാൽ സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന ആളല്ലെന്നും തോമസ് കെ തോമസ് പരിഹസിച്ചു. താൻ ശരത് പവാറിന്‍റെ ആളാണെന്നും എല്ലാവരെയും തട്ടിക്കളയും എന്നുമാണ് ചാക്കോയുടെ മനോഭാവം. കുട്ടനാട് സീറ്റ് ഇല്ലാതാക്കാനാണ് ചാക്കോയുടെ ലക്ഷ്യം. പി.സി ചാക്കോ ആലപ്പുഴയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും തോമസ് കെ തോമസ് ആരോപിച്ചു.
"എന്‍.സി.പിയിലേക്ക് ചാക്കോ വന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ അജണ്ട എന്താണെന്ന് അറിയില്ല. അദ്ദേഹത്തിന് എങ്ങനെയെങ്കിലും കുട്ടനാട് സീറ്റ് ഇല്ലാതാക്കണം, തോമസ് കെ തോമസിനോടുള്ള വൈരാഗ്യം തീര്‍ക്കണം എന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. എന്തായാലും ശക്തമായ ഇടപെടല്‍ ഞങ്ങളുടെ ഭാഗത്തുണ്ടാവും. 10 പേരെങ്കില്‍ 10 പേര് നില്‍ക്കും ശക്തമായിട്ട്. ആരും പുറകോട്ട് പോവില്ല"- തോമസ് കെ തോമസ് പറഞ്ഞു.
ആലപ്പുഴ എൻ.സി.പി ജില്ലാ കമ്മിറ്റി ഓഫീസ് പി.സി ചാക്കോയെ അനുകൂലിക്കുന്നവർ കയ്യേറിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ വർക്കിങ് കമ്മിറ്റി അംഗം കൂടിയായ കുട്ടനാട് എം.എല്‍.എ തോമസ് കെ തോമസിന്‍റെ പ്രതികരണം.