'സംഘടനാ സംവിധാനങ്ങൾ കാറ്റിൽപ്പറത്തിയവർ പാർട്ടിയല്ലാതെയായി'; ദേവഗൗഡക്കെതിരെ നീലലോഹിതദാസൻ നാടാർ
ദേവഗൗഡ പിണറായി വിജയനുമായി സംസാരിച്ചിരുന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും നീലലോഹിതദാസൻ നാടാർ പറഞ്ഞു
തിരുവനന്തപുരം: ദേവഗൗഡ എൻ.ഡി.എയോടൊപ്പം ചേർന്നത് പാർട്ടിയുടെ മതേതരത്വ മൂല്യങ്ങൾ തിരസ്കരിച്ചുകൊണ്ടാണെന്ന് ജെ.ഡി.എസ് നേതാവ് നീലലോഹിതദാസൻ നാടാർ. പാർട്ടിയുടെ ഒരു ഭാരവാഹിയോഗം പോലും കൂടാതെയാണ് ഈ തീരുമാനമെന്നും ഇതിനെ എതിർക്കുന്നവർ ദേശീയ തലത്തിൽ ഒന്നിച്ചുകൂടി പ്രവർത്തനം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവഗൗഡയാണ് പാർട്ടി വിട്ടുപോയതെന്നും തങ്ങള്‍ പാർട്ടി വിട്ടുപോരേണ്ട കാര്യമില്ലെന്നും പറഞ്ഞ അദ്ദേഹം സംഘടനാ സംവിധാനങ്ങൾ കാറ്റിൽപ്പറത്തിയവർ പാർട്ടിയല്ലാതായെന്നും പറഞ്ഞു.
'പുതിയ പാർട്ടി ഒരു പരിഹാരമല്ല. ഞങ്ങളാണ് പാർട്ടി. ഇത് കേരളത്തിന്റെയും കർണാടകത്തിന്റെയും പ്രശ്നം മാത്രമല്ല. ജെ.ഡി.എസിന്റെ ആശയപരമായും സംഘടനാപരമായുമുള്ള പൈതൃകം ഉൾക്കൊണ്ടു മുന്നോട്ട് പോകണം. 2022-ലെ ദേശീയ പ്ലീനറി സമ്മേളനം ബി.ജെ.പി വിരുദ്ധ കോൺഗ്രസ് ഇതര ദേശീയ രാഷ്ട്രീയ ബദലിനു വേണ്ടി ശ്രമിക്കണം എന്ന പ്രമേയം പാസാക്കി. ആ പ്രമേയത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു.എക്കാലത്തും സംഘപരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ് ഞങ്ങൾ. ദേവഗൗഡ പിണറായി വിജയനുമായി സംസാരിച്ചിരുന്നോ എന്ന കാര്യം എനിക്കറിയില്ല. എന്നെ വിളിക്കുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ല'- നീലലോഹിതദാസൻ നാടാർ