കൊക്കയാറിൽ ആറ് മൃതദേഹം കണ്ടെത്തി; സംസ്ഥാനത്ത് മരണം 22 ആയി

കോട്ടയം കൂട്ടിക്കലിൽ മരിച്ചവരുടെ എണ്ണം 12 ആയി

Update: 2021-10-17 12:59 GMT
Editor : Shaheer | By : Web Desk
Advertising

ഉരുൾപൊട്ടൽ നാശംവിതച്ച ഇടുക്കി കൊക്കയാറിൽ ആറ് മൃതദേഹം കണ്ടെത്തി. കോട്ടയം കൂട്ടിക്കലിൽ ഒരു കുടുംബത്തിലെ ആറുപേരടക്കം 12 പേരും മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ രണ്ടുപേരും പെരുവന്താനത്ത് ഒരാളും മരണപ്പെട്ടിട്ടുണ്ട്.

ദുരന്തഭൂമിയിൽ രാവിലെ മുതൽ നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്കുശേഷമാണ് കാര്യമായ പുരോഗതിയുണ്ടായത്. കണ്ടെത്തിയ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. ഇത് തിരച്ചിലിന് അനുകൂലമായ സ്ഥിതിയാണ്. കാണാതായവരെ മുഴുവൻ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു.

കനത്ത മഴക്കിടെയാണ് കൊക്കയാറിൽ ഉരുൾപൊട്ടലുണ്ടായത്. ശനിയാഴ്ച രാവിലെ മുതൽ മഴയുണ്ടായെങ്കിലും ഉച്ചയോടെയാണ് കൊക്കയാറിനു സമീപത്ത ഒരു മലഞ്ചെരിവ് ഒന്നാകെ ഉരുൾപൊട്ടി വീടുകൾക്ക് മുകളിലേക്ക് ഒഴുകിയെത്തിയത്. നിമിഷങ്ങൾക്കകം തന്നെ അഞ്ച് വീടുകൾ ഒന്നാകെ ഒലിച്ചുപോയി. അമീൻ സിയാദ്(10), അംന സിയാദ്(ഏഴ്), അഫ്‌സാര ഫൈസൽ(എട്ട്), അഫിയാൻ ഫൈസൽ(നാല്), സച്ചു ഷാഹുൽ (ഏഴ്), ഫൗസിയ സിയാദ്(28), ഷാജി ചിറയിൽ(55), ആൻസി സാബു(50) എന്നിവരെയാണ് കൊക്കയാറിൽ കാണാതായിരുന്നത്.

കോട്ടയം കൂട്ടിക്കലിൽ ഒറ്റലാങ്കൽ മാർട്ടിന്റെ കുടുംബമൊന്നാകെയാണ് ഉരുൾപൊട്ടലിൽ അകപ്പെട്ടത്. മാർട്ടിൻ, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരെയാണ് അപകടത്തിൽ കാണാതായിരുന്നത്.

Full View

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News