രണ്ടു ദിവസത്തിനിടെ മൂന്ന് ബോംബ് സ്‌ഫോടനം; ആർഎസ്എസ് സംസ്ഥാനത്ത് വർഗീയ കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് പോപുലർ ഫ്രണ്ട്

അടുത്തടുത്ത ദിവസങ്ങളിൽ മൂന്നിടത്ത് ബോംബ് സ്‌ഫോടനം നടന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആർഎസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും സേവാഭാരതി ഉൾപ്പെടെ ആർഎസ്എസ് നിയന്ത്രണത്തിലുള്ള മുഴുവൻ ചാരിറ്റി സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തണമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു

Update: 2021-11-23 15:51 GMT
Editor : Shaheer | By : Web Desk
Advertising

ആർഎസ്എസും പോഷകസംഘടനകളും സംസ്ഥാനത്ത് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് പോപുലർ ഫ്രണ്ട്. ഇതിനായി വ്യാപകമായി വർഗീയ പ്രചാരണങ്ങൾ നടത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബുകൾ നിർമിക്കുകയും വൻതോതിൽ ആയുധങ്ങൾ സംഭരിക്കുകയും ചെയ്യുന്നുണ്ടെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രസ്താവനയിൽ ആരോപിച്ചു.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം മൂന്ന് ആർഎസ്എസ് കേന്ദ്രങ്ങളിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ആലപ്പുഴ ചാത്തനാട് ബോംബ് നിർമാണത്തിനിടെ നിരവധി കേസുകളിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ അരുൺ കുമാർ കൊല്ലപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ ആരോപണം നേരിടുന്ന കണ്ണൂരിലെ ആർഎസ്എസ് നേതാവിന്റെ വീട്ടിലും സ്‌ഫോടനമുണ്ടായി. പിന്നാലെ കണ്ണൂർ നരിവയലിൽ ആർഎസ്എസ് കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ പന്ത്രണ്ട് വയസ്സുകാരനും പരിക്കേറ്റിരുന്നു. ഐസ്‌ക്രീം ബോളിൽ ഉണ്ടാക്കിയ ബോംബാണ് പൊട്ടിത്തെറിച്ചത്. പ്രദേശത്തുനിന്ന് പൊട്ടാത്ത ഐസ്‌ക്രീം ബോംബുകൾ കണ്ടെടുത്തിട്ടുമുണ്ട്. ഈ മൂന്ന് സംഭവങ്ങളിലും പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയിട്ടില്ല-അബ്ദുൽ സത്താർ കുറ്റപ്പെടുത്തി.

ആർഎസ്എസ് കേന്ദ്രങ്ങളിൽനിന്ന് ആയുധങ്ങൾ കണ്ടെടുക്കുന്നതും ആർഎസ്എസ് നേതാക്കൾ പരസ്യമായി ആയുധപ്രദർശനം നടത്തുന്നതും സമീപകാലത്ത് വർധിച്ചിട്ടുണ്ട്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാകേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുകയാണ്. ആർഎസ്എസിന്റെ പോഷകസംഘടനയായ സേവാഭാരതിക്ക് കീഴിൽ പ്രവർത്തിക്കുന്ന പറവൂരിലെ അമ്പാടി സേവാകേന്ദ്രത്തിനു കീഴിലുള്ള ആംബുലൻസിൽനിന്ന് അടുത്തിടെ തോക്ക് പിടികൂടിയിരുന്നു. മുൻപ് കേരളത്തിലെ സംഘ്പരിവാർ നേതാക്കൾ തോക്കുകൾ ഉൾപ്പെടെ വൻതോതിൽ മാരകായുധങ്ങൾ പൂജയ്ക്ക് വയ്ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതാണ്. അടുത്തടുത്ത ദിവസങ്ങളിൽ മൂന്നിടത്ത് ബോംബ് സ്‌ഫോടനം നടന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആർഎസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും സേവാഭാരതി ഉൾപ്പെടെ ആർഎസ്എസ് നിയന്ത്രണത്തിലുള്ള മുഴുവൻ ചാരിറ്റി സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിൽ പൊലീസ് ഗൗരവതരമായ അന്വേഷണം നടത്തിയിട്ടില്ലെന്നത് വസ്തുതയാണ്. സംഘ്പരിവാറിന് വേണ്ടി പൊലീസ് നടത്തുന്ന ഈ വിടുപണി കേരളത്തെ അപകടകരമായ സാഹചര്യത്തിലേക്കാണ് കൊണ്ടുപോകുന്നത്. ആർഎസ്എസ് ഭീകരരുടെ പരിശീലനകേന്ദ്രങ്ങളിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനങ്ങളുണ്ടാവുന്ന സംഭവം ആദ്യത്തേതല്ല. ഇത്തരം സംഭവങ്ങൾ അന്വേഷിച്ച് നടപടിയെടുക്കുന്നതിൽ പൊലീസ് നിഷ്‌ക്രിയത്വം തുടരുകയാണ്. മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും ഈ ആയുധശേഖരണത്തിനെതിരെ കണ്ണടയ്ക്കുകയാണ്. വിഷയം ഗൗരവമായെടുത്ത് കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.

Summary: Three bomb blasts within two days; RSS is fomenting communal riots in the Kerala- Popular Front

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News