നക്ഷത്ര ആമയുമായി കെഎസ്ഇബി ജീവനക്കാർ അടക്കം മൂന്ന് പേർ പിടിയിൽ
രണ്ട് നക്ഷത്ര ആമകളെയാണ് വനം വകുപ്പ് ഇവരിൽ നിന്ന് പിടികൂടിയത്
തിരുവനന്തപുരം: വില്‍ക്കാനായി കൊണ്ടു പോയ നക്ഷത്ര ആമയുമായി കെഎസ്ഇബി ജീവനക്കാർ അടക്കം മൂന്ന് പേർ പിടിയിൽ. രണ്ട് നക്ഷത്ര ആമകളെയാണ് വനം വകുപ്പ് ഇവരിൽ നിന്ന് പിടികൂടിയത്. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്യും.
ഇന്നലെ വൈകിട്ട് 3 മണിക്ക് കഴക്കൂട്ടത്ത് നിന്നാണ് പ്രതികൾ പിടിയിലാകുന്നത്. തൈക്കാട് കെഎസ്ഇബി സെക്ഷനിലെ ലൈൻ മാൻ മലയിൽകീഴ് സ്വദേശി സന്തോഷ്, അതെ ഓഫീസിലെ താല്‍ക്കാലിക ഡ്രൈവർ തൃശൂർ ചാവക്കാട് സ്വദേശി സജിത്, സജിത്തിന്‍റെ സുഹൃത്ത് മലയിൽ കീഴ് സ്വദേശി അരുൺ കുമാർ എന്നിവരെ വനം വകുപ്പ് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് രണ്ട് നക്ഷത്ര ആമകളെ കണ്ടെടുത്തു. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നും കെഎസ്ആര്‍ടിസി ബസിലാണ് ആമകളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. സജിത്തിന്‍റെ മറ്റൊരു സുഹൃത്താണ് ഇതിന് സഹായിച്ചത്.
10-25 ലക്ഷം രൂപ വരെയാണ് പ്രതികൾ ആമയ്ക്ക് വിലയിടുന്നത്. വീട്ടിൽ വളർത്തിയാൽ സമ്പദ് വളർച്ച ഉണ്ടാകുമെന്ന് പറഞ്ഞാണ് വില്‍പന.ഇവരെ കൂടുതൽ ചോദ്യം ചെയ്തത് വഴി ഇനിയും പ്രതികൾ തട്ടിപ്പിന് പിന്നിലുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പ്രതികൾ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ ശേഷം.പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യും.