വെള്ളായണി കാർഷിക കോളജിൽ സഹപാഠിയെ പൊള്ളലേൽപ്പിച്ച സംഭവം; മൂന്ന് വിദ്യാർഥികള്‍ക്ക് സസ്പെൻഷൻ

ഒരേ ഹോസ്റ്റൽ മുറിയിൽ താമസിച്ചിരുന്ന സഹപാഠിയെ സുഹൃത്തായ വിദ്യാർഥിനി ഇൻഡക്ഷൻ സ്റ്റൗവിൽ ഉപയോഗിക്കുന്ന പാത്രം ചൂടാക്കി പൊള്ളലേൽപ്പിക്കുകയായിരുന്നു

Update: 2023-05-25 09:18 GMT
Advertising

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളജിൽ സഹപാഠിയെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. പൊള്ളലേൽപ്പിച്ച ആന്ധ്രാ സ്വദേശി ലോഹിതയേയും സുഹൃത്തുക്കളെയുമാണ് സസ്പെൻഡ് ചെയ്തത്. അക്രമം നടത്തിയ പെൺകുട്ടിയുടെ സുഹൃത്തുക്കൾ വിവരം മറച്ചു വെച്ചതിനാണ് ഇവർക്കെതിരെ നടപടി. സംഭവത്തിൽ അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്ന് വിദ്യാർഥി സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

മെയ് പതിനെട്ടാം തീയതി ഒരേ ഹോസ്റ്റൽ മുറിയിൽ താമസിച്ചിരുന്ന സഹപാഠിയെ സുഹൃത്തായ വിദ്യാർഥിനി ഇൻഡക്ഷൻ സ്റ്റൗവിൽ ഉപയോഗിക്കുന്ന പാത്രം ചൂടാക്കി പൊള്ളലേൽപ്പിക്കുകയായിരുന്നു. ഇതിനുശേഷം മൊബൈൽ ചാർജർ കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. അക്രമത്തിന് ഇരയായ ആന്ധ്രാ സ്വദേശി ദീപികയുടെ പുറത്തും കയ്യിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ദീപികയുടെ അമ്മയെ ലോഹിത അസഭ്യം പറഞ്ഞതാണ് തർക്കത്തിനും ആക്രമണത്തിനും കാരണം.

അക്രമത്തിനിരയായ പെൺകുട്ടിയും അക്രമിയും സംഭവത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയതിനാലാണ് നടപടി വൈകിയതെന്നായിരുന്നു കോളജ് അധികൃതരുടെ വിശദീകരണം. അതിക്രമത്തിൽ പൊള്ളലേൽപ്പിച്ച നാലാം വർഷ വിദ്യാർഥിനി ലോഹിതയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാരകായുധം കൊണ്ട് ആക്രമിച്ചതിനാണ് കേസ്.

Read Alsoകാട്ടാക്കട ക്രിസ്ത്യൻ കോളജ് ആൾമാറാട്ടം; വിശാഖിന് മത്സരിക്കാനും യോഗ്യതയില്ല

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News