മരടിലെ ഫ്ലാറ്റുകള്‍ നിലം പതിച്ചിട്ട് മൂന്ന് വര്‍ഷം; അഴിമതിക്കേസ് എങ്ങുമെത്തിയില്ല

ഫ്ലാറ്റ് പൊളിക്കല്‍ വിജയകരമായിരുന്നുവെങ്കിലും പ്രദേശത്തെ വീടുകള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുമുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ഇപ്പോഴും നല്‍കിയിട്ടില്ല

Update: 2023-01-12 04:52 GMT
Editor : ijas | By : Web Desk
Advertising

കൊച്ചി: തീരദേശ നിയമം ലംഘിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് മൂന്ന് വര്‍ഷം തികയുമ്പോഴും ഫ്ലാറ്റ് അഴിമതിക്കേസില്‍ വലിയ പുരോഗതിയില്ല. പ്രദേശവാസികളുടെ വീടുകള്‍ക്കും തൊഴില്‍ സംരംഭങ്ങള്‍ക്കുമുണ്ടായ കേടുപാടുകള്‍ക്കും ഇതുവരെ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് മരട് നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍ മീഡിയവണിനോട് പറഞ്ഞു.

മരട് ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് തീരദേശ നിയമം കാറ്റില്‍പറത്തി ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കി എന്നത് വ്യക്തമായതോടെയാണ് അന്നത്തെ ഭരണസമിതി പ്രതിക്കൂട്ടിലായത്. പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സിപിഎം നേതാവ് കൂടിയായ കെ.എ ദേവസിക്കെതിരെ ഗുരുതര ആരോപണങ്ങളും ഉയര്‍ന്നു. വിവാദമായതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഫ്ലാറ്റുകള്‍ നിലംപൊത്തി പൊടിയടങ്ങിയതോടെ കേസും അധികം മുന്‍പോട്ടുപോയില്ല. ദേവസിയുടെ പങ്കിൽ അന്വേഷണം തുടരുന്നതിനിടെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജോസി ചെറിയാന് സ്ഥലം മാറ്റം ലഭിച്ചു. ഇതോടെയാണ് കേസ് അനക്കമില്ലാതായത് എന്നാണ് ആരോപണം.

Full View

ഫ്ലാറ്റ് പൊളിക്കല്‍ വിജയകരമായിരുന്നുവെങ്കിലും പ്രദേശത്തെ വീടുകള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുമുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ഇപ്പോഴും നല്‍കിയിട്ടില്ല. സര്‍ക്കാര്‍ അനുവദിച്ചാല്‍ പ്രദേശവാസികള്‍ക്കുളള നഷ്ടപരിഹാരത്തുക നല്‍കാന്‍ മരട് നഗരസഭ ഒരുക്കമാണ്. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായുളള ഇടപാട് രേഖകള്‍ നഗരസഭയില്‍ ലഭ്യമല്ലാത്തതും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് മറ്റ് നടപടികളുണ്ടാകാത്തതുമാണ് തടസ്സമായി നില്‍ക്കുന്നതെന്നുമാണ് നഗരസഭ അധികൃതര്‍ പറയുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News