തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി പ്രഖ്യാപനത്തിനൊരുങ്ങി ബി.ജെ.പി

ട്വൻറി- ട്വൻറിയുടെ പിന്തുണയോടെ മത്സരിക്കുന്ന ആം ആദ്മിയും സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും.

Update: 2022-05-05 01:11 GMT
Advertising

കൊച്ചി: ത്യക്കാക്കരയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. എ.എന്‍. രാധാകൃഷ്ണന്‍, എസ്. ജയകൃഷ്ണന്‍, ടി.പി. സിന്ധുമോള്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ട്വന്‍റി- ട്വന്‍റിയുടെ പിന്തുണയോടെ മത്സരിക്കുന്ന ആം ആദ്മിയും സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും. 

തൃക്കാക്കരയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് എന്നിവരടങ്ങുന്ന സമിതി ഒരു മാസം നീണ്ട ചർച്ചയ്ക്ക് ശേഷമാണ് നാല് പേരുടെ സാധ്യത ലിസ്റ്റ് തയ്യാറാക്കിയത്. ഇതിൽ എ.എൻ രാധാകൃഷ്ണന് തന്നെയാണ് മുൻതൂക്കം.

വനിതാ സ്ഥാനാർഥി വേണമെന്ന ആവശ്യം ഉയർന്നാൽ ടി.പി. സിന്ധുമോൾക്ക് നറുക്ക് വീഴും. ജില്ലാ പ്രസിഡന്‍റ് എസ്. ജയകൃഷ്ണന്‍റെ പേരും സജീവമായി തന്നെ പരിഗണിക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ കോഴിക്കോട് എത്തുന്നതിന് മുൻപ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് ശ്രമം. 

ട്വന്‍റി- ട്വന്‍റി പിന്തുണയ്ക്കുമെന്നറിയിച്ചതോടെ ആം ആദ്മിയുടെ സ്ഥാനാർഥി ആരാകുമെന്നതും ആകാംക്ഷയാണ്. ട്വന്‍റി- ട്വന്‍റിയുടെ വെൽഫയർ പൊളിറ്റിക്സുമായാണ് സഹകരിക്കുന്നതെന്ന് ആം ആദ്മി നേതാവ് പത്മനാഭ ഭാസ്കര്‍ വ്യക്തമാക്കിയിരുന്നു. പി.സി സിറിയക്കിന്‍റേതടക്കമുള്ള പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും സ്ഥാനാർഥിയാകാനില്ലെന്ന നിലപാടിലാണ് സിറിയക്. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ ബി.ജെ.പിയും ആം ആദ്മിയും പിടിക്കുന്ന വോട്ടുകളാവും ജയപരാജയം നിർണയിക്കുക. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News