തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക്; ഉമ തോമസിനെ രംഗത്തിറക്കാന്‍ യു.ഡി.എഫ്
ഇടതു മുന്നണിക്ക് ഭരണ തുടര്‍ച്ച ലഭിച്ച ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഇരു മുന്നണികൾക്കും നിര്‍ണായകമാണ് തൃക്കാക്കര
പി.ടി തോമസിന്‍റെ മരണത്തോടെ ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ ഭാര്യ ഉമ തോമസിനെ മത്സര രംഗത്തിറക്കാനുള്ള ആലോചനകളുമായി കോണ്‍ഗ്രസ്. ഇടതു മുന്നണിക്ക് ഭരണ തുടര്‍ച്ച ലഭിച്ച ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഇരു മുന്നണികൾക്കും നിര്‍ണായകമാണ് തൃക്കാക്കര.
ഉപതെരഞ്ഞെടുപ്പിന് ജൂണ്‍ വരെ സമയമുണ്ടെങ്കിലും മാര്‍ച്ച് ആദ്യം യു.പി തെരഞ്ഞെടുപ്പിനൊപ്പം തൃക്കാക്കര ബൂത്തിലേക്ക് എത്തുമെന്നാണ് സൂചന. സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസിന്‍റെയും മകന്‍ വിഷ്ണു തോമസിന്‍റെയും പേരുകളാണ് യു.ഡി.എഫ് ക്യാമ്പില്‍ സജീവമായുള്ളത്. പി.ടിയുടെ കുടുംബാംഗങ്ങള്‍ മത്സരത്തിനില്ലെന്ന് നിലപാടെടുത്താല്‍ മാത്രമായിരിക്കും മറ്റ് പേരുകള്‍ സജീവ ചര്‍ച്ചയിലേക്കെത്തുക. ടോണി ചമ്മണി,ദീപ്തി മേരി വര്‍ഗീസ് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ പേരും പ്രവര്‍ത്തകര്‍ ഉയര്‍ത്തികാട്ടുന്നുണ്ട്.
പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലായതിനാല്‍ തന്നെ സി.പി.എമ്മും നിലവില്‍ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. എം. സ്വരാജ് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ എന്നീ പേരുകളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സജീവമായുള്ളത്. തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ ചേര്‍ത്താണ് 2011 ല്‍ തൃക്കാക്കര മണ്ഡലം രൂപീകരിച്ചത്. കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായാണ് തൃക്കാക്കര വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ട്വന്‍റി ട്വന്‍റി തൃക്കാക്കരയില്‍ 10 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയിരുന്നു. ഇത്തവണ മത്സരരംഗത്തുണ്ടായാലും ട്വന്‍റി ട്വന്‍റിക്ക് യാതൊരു ഭീഷണിയും ഉയര്‍ത്താനാവില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.