ഉമ തോമസ് വോട്ട് തേടി മമ്മൂട്ടിയുടെ വീട്ടിലെത്തി
മമ്മൂട്ടി സ്ഥാനാര്‍ഥിക്ക് ആശംസകള്‍ നേര്‍ന്നു.
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് നടൻ മമ്മൂട്ടിയുടെ വീട്ടിൽ എത്തി വോട്ട് അഭ്യർഥിച്ചു. ഹൈബി ഈഡൻ എംപിയും രമേഷ് പിഷാരടിയും കൂടെയുണ്ടായിരുന്നു. മമ്മൂട്ടി സ്ഥാനാര്‍ഥിക്ക് ആശംസകള്‍ നേര്‍ന്നു.
ഉമ തോമസ് സാഹിത്യകാരി ഡോ. എം ലീലാവതിയെയും സന്ദർശിച്ചു. ഉമയ്ക്ക് കെട്ടിവെക്കാനുള്ള തുക ലീലാവതിയാണ് നൽകിയത്. ക്രിസ്തീയ വോട്ടുകൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ കർദിനാൾ ഹൗസിലും ഉമ തോമസ് സന്ദർശനം നടത്തുന്നുണ്ട്. തമ്മനം ജംഗ്ഷനിലും തൃപ്പൂണിത്തുറയിലുമാണ് സ്ഥാനാര്‍ഥിയുടെ ഇന്നത്തെ മറ്റു പ്രചാരണ പരിപാടികൾ.
എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫും രാവിലെ തന്നെ പ്രചാരണത്തിനിറങ്ങി. ഇടപ്പള്ളിയിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് പാലാരിവട്ടം, തൃക്കാക്കര ഈസ്റ്റ്, തൃക്കാക്കര വെസ്റ്റ് എന്നിവിടങ്ങളിലും വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ തേടും. സ്ഥാനാർഥിയില്ലാതെ തന്നെ പ്രവര്‍ത്തകരുടെ സ്ക്വാഡുകള്‍ വീടുകൾ തോറും കയറിയിറങ്ങി വോട്ട് അഭ്യർഥിക്കുന്നുണ്ട് . ഒരുപടി മുൻപേ ഓടുന്ന യു.ഡി.എഫിനൊപ്പം എത്താനാണ് എല്‍.ഡി.എഫ് ശ്രമം.
അതേസമയം ബി.ജെ.പിയുടെയും ട്വൻറി 20- ആം ആദ്മി പാർട്ടി സഖ്യത്തിന്റെയും സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ബി.ജെ.പി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. എൻ. രാധാകൃഷ്ണൻറെ പേരാണ് ഉയർന്നു കേൾക്കുന്നത്.
Summary- Thrikkakara UDF candidate Uma Thomas meets actor Mammootty