തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ ഇന്നറിയാം; 'സസ്‌പെൻസ്' നിലനിർത്തി നേതൃത്വം

നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ടെന്നും ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ

Update: 2022-05-04 09:24 GMT
Advertising

കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. സി.പി.എം എറണാകുളം ജില്ലാ കമ്മറ്റി അംഗം കെ.എസ് അരുൺ കുമാറിന്റെയും കൊച്ചുറാണി ജോസഫിന്റെയും പേരുകളാണ് സജീവ പരിഗണനയിലുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ടെന്നും ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.

തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉമ തോമസിനെ തെരഞ്ഞെടുത്തത് പാര്‍ട്ടിയിലെ പ്രതിസന്ധി മറികടക്കാനാണെന്നും സഹതാപ തരംഗം തൃക്കാക്കരയിൽ ഉണ്ടാവില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. തൃക്കാക്കരയിൽ ഇടതുമുന്നണി അഭിമാനകരമായ നേട്ടമുണ്ടാക്കുമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി വ്യക്തമാക്കി. വികസന രാഷ്ട്രീയം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ പ്രാപ്തനായ സ്ഥാനാർഥിയായിരിക്കും എൽ.ഡി.എഫിന്റേത്. ഉമ തോമസിന് സഹതാപ വോട്ട് ലഭിക്കില്ല. കെ.വി തോമസിന്റെ നിലപാട് മണ്ഡലത്തിൽ ചലനങ്ങളുണ്ടാക്കുമെന്നും എം.എ ബേബി മീഡിയവണിനോട് പറഞ്ഞു.

അതേസമയം, സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ പ്രചരണം കൊഴുപ്പിച്ചിരിക്കുകയാണ് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. ഭവന സന്ദർശനവും കുടുംബയോഗവുമായിരുന്നു ആദ്യ പരിപാടികൾ. സ്ഥാനാർഥി പ്രഖ്യാപനം വന്നതുമുതൽ ആവേശത്തിലാണ് പാർട്ടി പ്രവർത്തകർ. പി.ടിയെ സ്‌നേഹിക്കുന്നവർ തനിക്കൊപ്പമുണ്ടാകുമെന്നും പി.ടിയുടെ ഓർമ്മകൾക്കു മുന്നിൽ എതിർ സ്വരങ്ങൾ ഇല്ലാതാകുമെന്നും ഉമ തോമസ് പറഞ്ഞു. 

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പി.മാരായ ഹൈബി ഈഡൻ, ജെബി മേത്തർ, ടി.ജെ വിനോദ് എം.എൽ.എ, ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് തുടങ്ങി നേതാക്കളും പ്രവർത്തകരും പ്രചരണ പരിപാടികളിൽ സജീവമായി.മണ്ഡലം ബൂത്ത് വാർഡ് തല കൺവൻഷനുകൾ സംഘടിപ്പിച്ച് വരും ദിനങ്ങളിൽ പ്രചരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫ് നേതൃത്വം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News