തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിന്‍റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ച് ഹൈക്കമാന്‍റ്
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളിലാണ് കോൺഗ്രസിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം
ന്യൂ ഡല്‍ഹി: തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉമ തോമസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെ.പി.സി.സിയുടെ തീരുമാനം ഹൈക്കമാന്‍റ് അംഗീകരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളിലാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.
പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തിൽ ഉമ തോമസിന്റെ പേരിലേക്കെത്താൻ കോൺഗ്രസിന് മാരത്തൺ ചർച്ച വേണ്ടിവന്നിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരുടെ പിന്തുണ ഉറപ്പിച്ച നേതൃത്വം ഉച്ചയ്ക്ക് ശേഷം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പൊതുധാരണയിലെത്തിയതോടെ ഉമാ തോമസിന്റെ പേര് ഹൈക്കമാൻഡിന് നൽകുകയായിരുന്നു.
ഉമയുടെ സ്ഥാനാർഥിത്വത്തിനെതിരെ പരസ്യ പ്രതിഷേധമുയർത്തിയ ഡൊമനിക് പ്രസന്റേഷനെ വി.ഡി. സതീശനും ഉമ്മൻ ചാണ്ടിയും എം.എം ഹസനും ചേർന്ന് അനുനയിപ്പിച്ചു. പി.ടി തോമസിന്റെ മണ്ഡലത്തിലെ വൈകാരിക അടുപ്പവും സ്ഥാനാർഥിത്വത്തിൽ പരിഗണിച്ചെന്ന് വി.ഡി. സതീശൻ പറഞ്ഞു.