'മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും വേർതിരിച്ചറിയാനുള്ള വിവേകമുണ്ട്'-ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂർ അതിരൂപത
''മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. കലാപസമയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്കു മനസിലാകും.''
തൃശൂർ: ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത. തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് അതിരൂപതാ മുഖപത്രം 'കത്തോലിക്കാ സഭ'. മണിപ്പൂർ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നും 'കത്തോലിക്കാ സഭ' ലേഖനത്തിൽ വ്യക്തമാക്കി.
'മറക്കില്ല മണിപ്പൂർ' എന്ന തലക്കെട്ടിലാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെയും കടന്നാക്രമിച്ചുകൊണ്ടുള്ള ലേഖനം. മണിപ്പൂർ വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ പ്രസ്താവന എടുത്തുപറഞ്ഞായിരുന്നു അതിരൂപത മുഖപത്രത്തിലെ വിമർശനം. 'അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കിനിൽക്കരുത്, അതു നോക്കാൻ അവിട ആണുങ്ങളുണ്ട്' എന്നായിരുന്നു നടന്റെ വിവാദ പ്രസ്താവന. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ 'ആണുങ്ങൾ' എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്ന് ലേഖനത്തിൽ ചോദ്യമുണ്ട്. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്ന് സുരേഷ് ഗോപിക്കു പരോക്ഷ പരിഹാസമുണ്ട് ഇതിൽ.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണിപ്പൂർ സംഘർഷം മറക്കില്ലെന്നും മുന്നറിയിപ്പുണ്ട്. കലാപസമയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്കു മനസിലാകും. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പിനുമുൻപ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണെന്നും മുന്നറിയിപ്പുണ്ട്.
Summary: Archdiocese of Thrissur criticizes BJP and Suresh Gopi sharply. Archdiocesan mouthpiece 'Catholica Sabha' says they will not forget Manipur violence in elections.