കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം ശക്തമാക്കി തൃശൂര്‍ അതിരൂപത
കന്യാസ്ത്രീകളെ മോശമായി ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുളള ശ്രമം വിലപ്പോവില്ലെന്ന് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലം കാവിൽ പറഞ്ഞു
തൃശൂര്‍: കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം ശക്തമാക്കി തൃശൂര്‍ അതിരൂപത. വൈദികരെയും കന്യാസ്ത്രീകളെയും അണിനിരത്തി രൂപത നേതൃത്വം കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കന്യാസ്ത്രീകളെ മോശമായി ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുളള ശ്രമം വിലപ്പോവില്ലെന്ന് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലം കാവിൽ പറഞ്ഞു.
കക്കുകളി നാടകത്തിനെതിരെ കടുത്ത പ്രതിഷേധമുയർത്തി മുന്നോട്ട് പോകാനാണ് കത്തോലിക്കാ സഭയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായാണ് തൃശൂർ അതിരൂപത പ്രത്യക്ഷ സമരത്തിനിറങ്ങിയത്. വൈദികർക്കും കന്യാസ്ത്രീകൾക്കുമൊപ്പം വിശ്വാസികളും പ്രതിഷേധത്തിൽ പങ്കെടുത്തു. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് തോന്നും പോലെ ചെയ്യലാണോയെന്നും അങ്ങനെ ചെയ്താൽ തങ്ങൾ നോക്കിയിരിക്കില്ലെന്നും അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലം കാവിൽ മുന്നറിയിപ്പ് നൽകി.
സംസ്ഥാന സർക്കാർ ഇടപെട്ട് നാടകം പിൻവലിക്കണമെന്നാണ് കത്തോലിക്കാ സഭയുടെ ആവശ്യം. ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നവർക്ക് വോട്ട് ചെയ്യണമൊയെന്ന് ചിന്തിക്കണമെന്ന് കഴിഞ്ഞ ദിവസം പള്ളികളിൽ വായിച്ച സർക്കുലറിൽ ചോദിച്ചിരുന്നു.