'കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താൻ ശിപാർശ ചെയ്യും'; ദേശീയ പാതയിലെ അശാസ്ത്രീയ കുഴിയടക്കലിനെതിരെ തൃശൂർ കലക്ടർ
ടാറും മെറ്റിലും ചേർന്ന മിശ്രിതം മൺവെട്ടി കൊണ്ടും ഇടിക്കട്ട കൊണ്ടുമാണ് ഉറപ്പിക്കുന്നത്.
തൃശൂർ: തൃശൂർ- മണ്ണൂത്തി ദേശീയപാത കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ശിപാർശ നൽകുമെന്ന് തൃശൂർ കലക്ടർ ഹരിത വി കുമാർ. ഇക്കാര്യം കോടതിയെ ബോധിപ്പിക്കും. കുഴി അടക്കാൻ കരാർ കമ്പനിക്ക് ആളും യന്ത്രങ്ങളും ഇല്ലെന്ന കാര്യവും കോടതിയെ അറിയിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ടോൾ പിരിവ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും കരാർ കമ്പനിയും തമ്മിലുള്ളതാണ്. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാവും എന്ന് നിയമോപദേശം തേടിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
ടാറും മെറ്റിലും ചേർന്ന മിശ്രിതം കുഴികളിൽ ഇട്ട ശേഷം മൺവെട്ടി കൊണ്ടും ഇടിക്കട്ട കൊണ്ടുമാണ് ഉറപ്പിക്കുന്നത്. തൊട്ട് പിന്നാലെ വാഹനങ്ങൾ പോകാൻ അനുവദിക്കും. ഇതോടെ റീ ടാറിങ് പേരിന് മാത്രമാകുമെന്നാണ് പരിശോധനക്കെത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറയുന്നത്. അറ്റകുറ്റപ്പണികൾ അടിയന്തരമായി പരിശോധിക്കാൻ തൃശൂർ, എറണാകുളം ജില്ല കലക്ടർമാര്‍ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
അതേസമയം ദേശീയ സംസ്ഥാന പാതകളിൽ അപകടം ഉണ്ടായി ആളുകൾ മരിക്കുന്നുവെന്ന് ഹൈക്കോടതി വരെ സർക്കാരിനെ വിമർശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോൾ എന്റെ മനസിലെ കുഴിയടക്കാനാണ് പറയുന്നതെന്നും അദ്ദേഹം കളിയാക്കി.