പെരുമ്പിലാവ് കൊലപാതകം; റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അക്ഷയിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ
കേസിലെ പ്രതികളെല്ലാവരും ലഹരിക്കേസിലടക്കം പ്രതികളാണ്


തൃശൂര്‍: തൃശൂർ പെരുമ്പിലാവ് ലഹരിസംഘത്തിലെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അക്ഷയിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ മൊഴി നൽകി. അക്ഷയ്ക്ക് താല്പര്യമില്ലാത്തവർക്കൊപ്പം മുഖ്യപ്രതി ലിഷോയും ബാദുഷയും റീൽസ് എടുത്തതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും തർക്കവും നടന്നു. ലിഷോയ് എംഡിഎംഎ കേസിൽ പുറത്തിറങ്ങിയിട്ട് ഒരാഴ്ച ആയിട്ടുള്ളൂ. കേസിലെ പ്രതികളെല്ലാവരും ലഹരിക്കേസിലടക്കം പ്രതികളാണ്.
മുഖ്യപ്രതി ലിഷോയ് ഇന്ന് പിടിയിലായിട്ടുണ്ട്. കേസിൽ മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അക്ഷയ് കൂത്തനാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ലഹരിക്കച്ചവടക്കാർ തമ്മിലുണ്ടായ റെൻഡ് എ കാറിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ 8 മണിയോട് കൂടിയാണ് സംഭവം. മരിച്ച അക്ഷയും ഭാര്യയും ചേർന്ന് ലിഷോയുടെ വീട്ടിലേക്ക് എത്തി. വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാർ അക്ഷയ് തല്ലിത്തകർത്തു. പിന്നാലെ ലിഷോയും ബാദുഷയും ചേർന്ന് അക്ഷയെ വെട്ടി. കഴുത്തിലും കൈയ്ക്കും മാരകമായി വെട്ടേറ്റ് അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അക്ഷയ്ക്ക് തലയ്ക്ക് മാത്രം മൂന്ന് വെട്ടാണ് ഏറ്റത്. ഭാര്യയുടെ മുൻപിൽ ഇട്ടായിരുന്നു ക്രൂരമായ കൊലപാതകം. അക്ഷയിൻ്റെ ചെറുത്തുനിൽപ്പിനിടെ ബാദുഷയ്ക്കും ഗുരുതരമായി പരിക്കേറ്റു.
ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഞ്ചാവ് വിൽപനയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം .