തൃശൂർ പൂരം വെടിക്കെട്ട് ആരംഭിച്ചു; ആദ്യ അവസരം പാറമേക്കാവിന്
മഴയെ തുടർന്ന് രണ്ട് തവണ വെടിക്കെട്ട് മാറ്റി വെച്ചിരുന്നു
തൃശൂർ: തൃശൂർപൂരം വെടിക്കെട്ട് തുടങ്ങി. കാലാവസ്ഥ അനുകൂലമായതോടെ ഉച്ചക്ക് രണ്ട് മണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. മഴയെ തുടർന്ന് രണ്ട് തവണ വെടിക്കെട്ട് മാറ്റി വെച്ചിരുന്നു. ഇടക്ക് പെയ്യുന്ന മഴ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പാറമ്മേക്കാവിന്റെ വെടിക്കെട്ടാണ് ആദ്യം ആരംഭിച്ചു. പാറമ്മേക്കാവിന്റെയും തിരുവമ്പാടിയുടെയും വെടിക്കെട്ടിന് ശേഷം ഏകദേശം മൂന്ന് മണിയോടെ വെടിക്കെട്ട് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വെടിക്കെട്ട് നടത്താൻ ജില്ലാ ഭരണകൂടത്തിനോട് അനുമതി തേടിയിരുന്നു. പകൽ മഴ ഒഴിഞ്ഞു നിന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്.
വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന തേക്കിൻകാട് മൈതാനത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കരിമരുന്ന് പൂർണമായും പൊട്ടിച്ച് തീർക്കുക എന്നതാണ് പ്രായോഗികമായി ചെയ്യാൻ കഴിയുക. ഗുണ്ട്, ഓലപ്പടക്കം, കുഴിമിന്നൽ, അമിട്ട് എന്നിങ്ങനെ വെടിക്കൊപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 10 പൊലീസുകാർ വീതം ഡ്യുട്ടിയിലുണ്ട്. വെടിക്കെട്ട് പുരയുടെ 100 മീറ്റർ പരിധിയിൽ ആളുകൾക്ക് പ്രവേശനം നൽകിയില്ല.