തൃശൂർ റെയിൽവേ സ്റ്റേഷനിലെ കക്കൂസ് മാലിന്യം പുറത്തെ ഓടയിലേക്ക്; ഗുരുതര വീഴ്ചയെന്ന് മേയർ
മേയർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു റെയിൽവേ സ്റ്റേഷനിലെ പരിശോധന.
Update: 2024-07-15 15:58 GMT
തൃശൂർ: റെയിൽവേ സ്റ്റേഷനിലെ കക്കൂസ് മാലിന്യങ്ങൾ പുറത്തെ ഓടയിലേക്ക് ഒഴുക്കിയതായി ആരോപണം. കോർപ്പറേഷൻ മേയറുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. റെയിൽവേയുടേത് ഗുരുതര വീഴ്ചയെന്ന് മേയർ എം.കെ വർഗീസ് മീഡിയവണിനോട് പറഞ്ഞു.
മേയർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു റെയിൽവേ സ്റ്റേഷനിലെ പരിശോധന. കക്കൂസ് മാലിന്യങ്ങൾ റെയിൽവേ ഓടകളിലേക്ക് തള്ളുന്നു എന്നായിരുന്നു പരാതി. രണ്ട് കുടിവെള്ള പദ്ധതികൾ ഉള്ള വഞ്ചിക്കുളത്തിലേക്കാണ് ഓട ചെല്ലുന്നത്.
സ്ഥലത്തെത്തി പരിശോധിച്ചതിൽ നിന്നും പരാതി യഥാർഥമാണെന്ന് ബോധ്യപ്പെട്ടതായി മേയർ എം.കെ വർഗീസ് പറഞ്ഞു. റെയിൽവേക്കെതിരെ സാധ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കോർപ്പറേഷന്റെ തീരുമാനം. അതേസമയം, വിഷയത്തിൽ ഔദ്യോഗിക പ്രതികരണത്തിന് റെയിൽവേ തയാറായിട്ടില്ല.