പൂയംകൂട്ടി വനാന്തരത്തിൽ കടുവയെയും ആനയെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; വനംവകുപ്പ് അന്വേഷണം തുടങ്ങി
മൃഗങ്ങളുടെ ജഡാവശിഷ്ടങ്ങൾ വനംവകുപ്പ് സംഘം ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കുമെന്നാണ് സൂചന
ഇടമലയാർ-പൂയംകൂട്ടി വനാന്തരത്തിൽ കടുവയെയും ആനയെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. മൃഗങ്ങളുടെ ജഡാവശിഷ്ടങ്ങൾ വനംവകുപ്പ് സംഘം ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ഇടമലയാർ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരിന് സമീപം ആനയേയും കടുവയേയും ചത്തനിലയിൽ കണ്ടെത്തിയത്. ജഡാവശിഷ്ടങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. മൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാകാം മരണകാരണമെന്ന് പ്രചരണമുണ്ടെങ്കിലും വനം വകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം മൂലമുളള പരിക്കുകൾ ഇരുമൃഗങ്ങളിലും കാണാനില്ലാത്തതാണ് കാരണം. ആനയും കടുവയും വ്യത്യസ്ത ദിവസങ്ങളിലാണ് ചത്തതെന്നും സൂചനയുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ ഇരുമൃഗങ്ങളുടെയും മരണകാരണത്തിൽ വ്യക്തത വരികയുളളു .9 വയസ് പ്രായം തോന്നിക്കുന്ന പെൺ കടുവയുടെ ജഡം പുൽമേടിലും ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന മോഴയാനയുടെ ജഡം 150 മീറ്റർ അകലെ പാറയിടുക്കിനു സമീപവുമാണ് കിടന്നിരുന്നത്. മലയാറ്റൂർ ഡി.എഫ്.ഒ.യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വനപാലക സംഘം ജഡാവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്.