ചീരാലിലെ കടുവ ആക്രമണം; ആക്ഷൻ കമ്മിറ്റി അംഗങ്ങൾ മുഖ്യമന്ത്രിയെ കാണും
പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് കൂടിക്കാഴ്ച
സുല്‍ത്താൻ ബത്തേരി: വയനാട്ടിലെ കടുവാ ആക്രമണത്തിൽ കൂടിക്കാഴ്ച. ആക്ഷൻ കമ്മിറ്റി അംഗങ്ങൾ മുഖ്യമന്ത്രിയെ കാണും. എംഎൽഎ ഐസി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് കൂടിക്കാഴ്ച.
കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടും മയക്കുവെടി വിദഗ്ധ സംഘടമടക്കമുള്ളവർ പെട്രോളിംഗ്നടത്തിയിട്ടും കടുവയുടെ ആക്രമണം തുടർക്കഥയായതോടെയാണ് വനംവകുപ്പിനെതിരെ ജനരോഷം ശക്തമായത്. ചീരാലിൽ ഇതുവരെ 14 വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ ഒമ്പത് പശുക്കളെ കൊന്നു.
കുങ്കിയാനകളെ എത്തിച്ചും ലൈവ് ക്യാമറകൾ സ്ഥാപിച്ചും വനംവകുപ്പ് കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. ഒരുമാസമാസത്തിനിടെ പലതവണ റോഡുപരോധിച്ചും ഹർത്താൽ നടത്തിയും ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയും പ്രതിഷേധിച്ച ജനങ്ങൾ, രാപ്പകൽ സമരവും ഫലം കാണാത്തപക്ഷം, സമരത്തിന്റെ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് അധികൃതർക്ക് മുന്നറിയിപ്പ് നൽകി.