നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ സമയപരിധി ഇന്നവസാനിക്കും; മൂന്ന് മാസം കൂടി വേണമെന്ന് സർക്കാർ

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണാകോടതി പരിഗണിക്കും

Update: 2022-05-31 01:12 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ട സമയപരിധി ഇന്നവസാനിക്കും. കൂടുതൽ സമയം തേടി ഹൈക്കോടതിയിൽ ഹരജി നൽകിയത് സർക്കാർ വിചാരണ കോടതിയെ അറിയിക്കും. സർക്കാരിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കോടതിയും പരിഗണിക്കുന്നുണ്ട്.

നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കി ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ അന്വേഷണം പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ സർക്കാർ ഹൈക്കോടതിയെ തന്നെ സമീപിച്ചിരിക്കുകയാണിപ്പോൾ.

ഒന്നാം പ്രതി പൾസർ സുനിക്ക് നടൻ ദിലീപ് ഒരു ലക്ഷം രൂപ നൽകിയതിന് തുടരന്വേഷണത്തിൽ തെളിവു ലഭിച്ചെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തായക്കിയിട്ടില്ലാത്തതിനാൽ തുടരന്വേഷണത്തിന് മൂന്നു മാസം കൂടി സമയം വേണമെന്നാണാവശ്യം. അതോടൊപ്പം വിചാരണ കോടതിക്കെതിരെയും ഗുരതരമായ ആരോപണങ്ങൾ സർക്കാർ ഉന്നയിക്കുന്നുണ്ട്.

കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറികാർഡിലെ ഹാഷ് വാല്യൂവിൽ മാറ്റം വന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും സാക്ഷികളടക്കമുള്ളവരെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഉന്നയിക്കുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പല തീയതികളിലും പരിശോധിച്ചതായി വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്. ദിലീപ് ഉൾപ്പെടെ പ്രതികൾ പലതവണ ദൃശ്യങ്ങൾ കണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുമായി ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണം.ഇതിൽ അന്വേഷണം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിയ ഉത്തരവ് കോടതി പ്രോസിക്യൂഷനെ അറിയിച്ചില്ല. മറ്റെല്ലാ ഉത്തരവുകളും പ്രോസിക്യൂട്ടർക്ക് നേരിട്ട് നൽകിയിരുന്നെങ്കിലും ഇതുമാത്രം തപാലിൽ അയച്ചു. ഇതും ഹൈക്കോടതിയിൽ പരിഗണിക്കമെന്നും ഹരജിയിൽ പറയുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News