പൂരപ്പറമ്പിലും 'മിശിഹാ'; മെസ്സിയെ ഉയർത്തി ഞെട്ടിച്ച് തിരുവമ്പാടി... സസ്പെന്‍സ്
ഖത്തറിലെ ലുസൈലില്‍ ലോകകപ്പുയര്‍ത്തി നില്‍ക്കുന്ന ഫുട്ബോള്‍ മിശിഹാ സാക്ഷാല്‍ ലയണല്‍ മെസ്സിയെ ശക്തന്‍റെ തട്ടകമായ തൃശൂര്‍ പൂരത്തിലും അവതരിപ്പിച്ചായിരുന്നു തിരുവമ്പാടിക്കാര്‍ ഞെട്ടിച്ചത്.
തൃശൂര്‍ പൂരത്തിന്‍റെ കുടമാറ്റത്തിനിടെ തിരുവമ്പാടിക്കാരുടെ വമ്പന്‍ സസ്പെന്‍സ്. ഖത്തറിലെ ലുസൈലില്‍ ലോകകപ്പുയര്‍ത്തി നില്‍ക്കുന്ന ഫുട്ബോള്‍ മിശിഹാ സാക്ഷാല്‍ ലയണല്‍ മെസ്സിയെ ശക്തന്‍റെ തട്ടകമായ തൃശൂര്‍ പൂരത്തിലും അവതരിപ്പിച്ചായിരുന്നു തിരുവമ്പാടിക്കാര്‍ ഞെട്ടിച്ചത്.
കുടമാറ്റത്തിന്‍റെ വർണ വിസ്മയത്തിൽ അലിഞ്ഞ് തൃശൂർ നഗരം പൂരത്തിന്‍റെ പാരമ്യത്തിലേക്ക് എത്തുമ്പോഴായിരുന്നു കാഴ്ചക്കാരെയാകെ അത്ഭുതപ്പെടുത്തി മെസ്സിയുടെ രൂപമുയരുന്നത്. ആര്‍പ്പുവിളികളോടെയും ആരവങ്ങളോടെയുമാണ് ജനങ്ങള്‍ 'മെസി സസ്പെന്‍സിനെ' സ്വീകരിച്ചത്. തിരുവമ്പാടി ദേവസ്വത്തിന്‍റെ പൂരാശംസകള്‍ എന്ന് മെസിയുടെ രൂപത്തിനൊപ്പം എല്‍.ഇ.ഡി ലൈറ്റുപയോഗിച്ച് എഴുതിക്കാണിക്കുന്നുണ്ടായിരുന്നു.
പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് തെക്കോട്ടിറക്കവും ഇലഞ്ഞിത്തറ മേളവും നടന്നത്. നാളെ പുലർച്ചെ നടക്കുന്ന വെടിക്കെട്ടാണ് ഇനിയുള്ള പ്രധാന പരിപാടി..
ഇലഞ്ഞിത്തറ മേളം പുരോഗമിക്കുമ്പോൾ ആവേശക്കൊടുമുടിയിലായിരുന്നു നാടും നഗരവും. 250 കലാകാരന്മാരാണ് മേളത്തിൽ പങ്കെടുത്തത്. കിഴക്കൂട്ട് അനിയൻ മാരാർ ആണ് മേളപ്രമാണി. നാലു മണിക്ക് തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റം ആരംഭിച്ചത്. 2.30ഓടെയാണ് മേളം ആരംഭിച്ചത്.
മേളത്തിന് ശേഷമാണ് പ്രസിദ്ധമായ തെക്കോട്ടിറക്കം. പാറമേക്കാവ് ഭാഗത്തിന്റെയും തിരുവമ്പാടിയുടെയും 15ആനകൾ വീതം തെക്കേ ഗോപുരം വഴി പുറത്തേക്ക് കടക്കുന്നതാണ് ചടങ്ങ്. ശേഷം ഇരുകൂട്ടരും മുഖാമുഖം നിലയുറപ്പിക്കും. അതിനുശേഷമാണ് കുടമാറ്റം. ഇരുകൂട്ടരും 50 സെറ്റുകൾ വീതം സാധാരണ കുടകളും 10 സ്‌പെഷ്യൽ കുടകളും ഉയർത്തും. ഏത് തരത്തിലുള്ള കുടയാണ് പൂരപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. മഠത്തിൽവരവ് പഞ്ചവാദ്യം നേരത്തേ പൂർത്തിയായിരുന്നു. തിടമ്പേറ്റി തെച്ചിക്കോട്ട് രാമചന്ദ്രൻ ഗോപുരനട കടന്നെത്തിയത് പൂരപ്രേമികളിൽ ഇരട്ടി ആവേശമാണ് നിറച്ചത്. കുടമാറ്റത്തിനും മറ്റ് ചടങ്ങുകൾക്കും ശേഷം പുലർച്ചെ മൂന്ന് മണിക്ക് നടക്കുന്ന വെടിക്കെട്ടോടെ ഈ വർഷത്തെ പൂരം കൊടിയിറങ്ങും.