ഗായത്രിയുടെ കൊലപാതകം ആസൂത്രിതം; പ്രവീൺ ഹോട്ടലിൽ മുറിയെടുത്തതും കൊല നടത്താനുദ്ദേശിച്ചെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്
ഗായത്രിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് കൊലപ്പെടുത്തിയത്
തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽമുറിയിൽ ഗായത്രി കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് റിമാന്റ് റിപ്പോർട്ട്.കൊലപാതകം നടത്താൻ ഉദ്ദേശിച്ചാണ് പ്രവീൺ ഹോട്ടലിൽ മുറി എടുത്തത്. റിമാന്റ് റിപ്പോർട്ടിലെ വിശദാംശങ്ങൾ മീഡിയ വണിന് ലഭിച്ചു. ഗായത്രിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് കൊലപ്പെടുത്തിയത്.
പ്രണയത്തിലായ ശേഷം ഗായത്രിയുമായി ബന്ധം തുടരാനാണ് താലി കെട്ടിയത്. ഒരു വർഷം മുമ്പാണ് വെട്ടുകാട് പള്ളിയിൽ വെച്ച് താലി കെട്ടിയതെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ഗായത്രിയെ ഹോട്ടലിൽ എത്തിച്ച ബൈക്ക് ഇനിയും കണ്ടത്താനുണ്ട്. ശനിയാഴ്ച ഉച്ചക്ക് ശേഷം ഗായത്രിയുടെ മൊബൈൽ ഫോൺ കൈവശം വെച്ചതും പ്രവീണായിരുന്നു. ഗായത്രിയുടെ ബന്ധു ഫോൺവിളിച്ചപ്പോൾ പ്രവീണാണ് ഫോൺ എടുത്തത്. ഗായത്രിയുടെ ഫോണിൽ ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സ്റ്റാറ്റസാക്കിയതും പ്രവീണായിരുന്നു.
കാട്ടാക്കട വീരണകാവ് ചാനൽകര മുരുക്കറ വീട്ടിൽ എസ് ഗായത്രിയെ(24)യാണ് ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗായത്രിയുടെ സുഹൃത്തായ കൊല്ലം പരവൂർ കോട്ടപ്പുറം ചെമ്പാൻതൊടി ജെ.പ്രവീണിനെ(34) കൊല്ലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ ഗായത്രിയും പ്രവീണും ഒരുമിച്ചാണ് ജോലി ചെയ്തത്. ഈ ജ്വല്ലറിയിലെ ഡ്രൈവറായിരുന്നു പ്രവീൺ. ഇവിടെ നിന്നാണ് ഇരുവരും അടുപ്പത്തിലാകുന്നത്. എന്നാൽ ഭാര്യയും രണ്ടുകുട്ടികളുമുള്ള പ്രവീൺ ഗായത്രിയുമായി രഹസ്യമായി ബന്ധം തുടരാനാണ് ആഗ്രഹിച്ചത്. എന്നാൽ ഇത് ഗായത്രി എതിർത്തിരുന്നു. തുടർന്നാണ് ഗായത്രിയെ പ്രവീൺ താലികെട്ടിയത്. ഭാര്യയെ വിവാഹമോചനം ചെയ്യാത്തതിൽ ഗായത്രിക്ക് എതിർപ്പുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഗായത്രിയെ പ്രവീൺ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതും കൊലപ്പെടുത്തിയതും.