പാലയൂർ, പുത്തൻപള്ളി ദേവാലയങ്ങളിൽ അവകാശവാദമുന്നയിക്കുന്ന വർഗീയവാദികളെ കേരളത്തിൽ കാലുകുത്താൻ സമ്മതിക്കില്ല: ടി.എൻ പ്രതാപൻ എം.പി

നാനാജാതി മതസ്ഥർ ഒന്നിച്ചുകഴിയുന്ന സ്‌നേഹത്തിന്റെ ഭൂമികയായ നമ്മുടെ നാട്ടിൽ അപരവിദ്വേഷത്തിന്റെ വെറുപ്പ് പരത്തി പരസ്പരം തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഓരോ ജനാധിപത്യവിശ്വാസിയും ജാഗ്രത പുലർത്തണമെന്നും പ്രതാപൻ പറഞ്ഞു.

Update: 2024-02-08 13:11 GMT
Advertising

തൃശൂർ: ചരിത്രവും വസ്തുതയും അറിയാത്തവരും രാജ്യത്ത് വർഗിയ ചേരിതിരിവുകൾ ഉണ്ടാക്കി മുതലെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നവരുമാണ് പാലയൂർ സെന്റ് തോമസ് തീർഥാടന കേന്ദ്രത്തിന് നേരെയും തൃശൂർ പുത്തൻപള്ളിക്ക് എതിരെയും ഭീഷണിയുമായി വന്നിരിക്കുന്നതെന്ന് ടി.എൻ പ്രതാപൻ എം.പി. ഇന്ത്യയിൽ ക്രിസ്തുമതത്തിന് രണ്ടായിരം വർഷത്തിന്റെ ചരിത്രമുണ്ട്. ഭാരത അപ്പോസ്തലനായ മാർ തോമാശ്ലീഹാ കേരളത്തിൽ എത്തിയത് എഡി 52-ലാണ്. ആ കാലം മുതൽ ക്രിസ്തുമതത്തിന്റെ വ്യാപനം ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഇന്ത്യയിലെത്തിയ വിശ്വ മതങ്ങൾക്ക് എല്ലാ സൗകര്യം ചെയ്തുകൊടുത്ത മഹത്തായ ഒരു പാരമ്പര്യമാണ് കേരളത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിലെ ക്രിസ്തുമത പ്രചാരത്തിന്റെയും സഭാ ചരിത്രത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലായ പാലയൂർ പള്ളി ഇന്ത്യയിലെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നാണ്. വിശുദ്ധ തോമാശ്ലീഹാ നിർമിച്ച ഈ പള്ളി രണ്ട് സഹസ്രാബ്ദത്തോളം പഴക്കമുള്ള ഒരു ചരിത്രത്തിന്റെ പാവനമായ സ്മാരകം കൂടിയാണ്. അതുപോലെ നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും ഉള്ള മറ്റൊരു പ്രസിദ്ധ ദേവാലയമാണ് പരിശുദ്ധ വ്യാകുലമാതാവിന്റെ ചർച്ച്. പുത്തൻപള്ളി എന്നറിയപ്പെടുന്ന ഈ ദേവാലയം വലിപ്പത്തിലും ശിൽപ്പവൈശിഷ്ട്യത്താലും ഇന്ത്യയിലെ മറ്റ പള്ളികൾക്കിടയിൽ അഗ്രിമ സ്ഥാനമുള്ള ദേവാലയമാണ്.

ക്രൈസ്തവ വിശ്വാസികളുടെ ഈ ദേവാലയങ്ങൾക്കു നേരെ ഭീഷണിയുമായി വരുന്നവരെ തൃശൂരിൽ മാത്രമല്ല കേരളത്തിന്റെ നാലതിർത്തി തന്നെ കടക്കാൻ അനുവദിക്കില്ല. നാനാജാതി മതസ്ഥർ ഒന്നിച്ചുകഴിയുന്ന, ഉത്സവങ്ങളും ആഘോഷങ്ങളും ഒരുമിച്ചുനടത്തുന്ന സ്‌നേഹത്തിന്റെ ഭൂമികയായ നമ്മുടെ നാട്ടിൽ അപരവിദ്വേഷത്തിന്റെ വെറുപ്പ് പരത്തി പരസ്പരം തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഓരോ ജനാധിപത്യവിശ്വാസിയും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News