നഗരസഭാ അധ്യക്ഷൻമാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാം; ഉത്തരവ്
പേഴ്സണല്‍ സ്റ്റാഫിനെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. നേരത്തെ എൽ.ഡി ക്ലാർക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്.
നഗരസഭാ അധ്യക്ഷന്മാർക്കും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാൻ സർക്കാർ അനുമതി. പേഴ്സണല്‍ സ്റ്റാഫിനെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. നേരത്തെ എൽ.ഡി ക്ലാർക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. കരാർ വ്യവസ്ഥയിലോ ഡെപ്യുട്ടേഷനിലോ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഗവർണ്ണർ നിലപാടെടുത്തിന് പിന്നാലെയാണ് പുതിയ നിയമന നീക്കം.
നഗരസഭാധ്യക്ഷന്‍മാര്‍ക്ക് അതത് നഗരസഭകളിലെ എല്‍.ഡി ക്ലാര്‍ക്കില്‍ കുറയാത്ത ഒരുദ്യോഗസ്ഥനായിരുന്നു ഇതുവരെ പേഴ്സണല്‍ സ്റ്റാഫ്. ഇത് നഗരസഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പര്യാപ്തമല്ലെന്നായിരുന്നു ചെയര്‍മാന്‍മാരുടെ പരാതി. ഇക്കാര്യം പരിശോധിച്ചാണ് കരാറോ ദിവസവേതനമോ അടിസ്ഥാനമാക്കി നഗരസഭാ ചെയര്‍മാന്‍മാര്‍ക്ക് ഇഷ്ടമുള്ള ഒരാളെ പേഴ്സണല്‍ അസിസ്റ്റന്‍ഡാക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
അതേസമയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചതോടെ സർക്കാർ സമ്മർദ്ദത്തിലായിരിക്കുകയാണ്. പേഴ്സണല്‍ സ്റ്റാഫിന്‍റെ വിവരങ്ങളടങ്ങിയ ഫയലുകൾ ഹാജരാക്കാൻ ഗവർണർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഗവർണറെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് കെ മുരളീധരൻ പറഞ്ഞു.
സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ഗവർണറുടെ നീക്കം. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉള്ളപ്പോള്‍ ഈ അധിക ചിലവ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഗവർണർ. ചീഫ് സെക്രട്ടറിയുടെ മറുപടി ലഭിച്ച ശേഷമാകും ഗവർണറുടെ തുടർനീക്കം.