വിഴിഞ്ഞം തുറമുഖ നിർമാണം 2023ന് മുമ്പ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് സർക്കാർ
നിർമാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നെന്ന് മന്ത്രി
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം 2023 ന് മുമ്പ് തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന് സർക്കാർ. പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ ആവശ്യമായ സഹായം അദാനി ഗ്രൂപ്പിന് സർക്കാരിൻറെ ഭാഗത്തു നിന്നുണ്ടാകുമെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നിർമാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും അവലോകന യോഗത്തിൽ വിലയിരുത്തി. 2019ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച വിഴിഞ്ഞം തുറമുഖ നിർമാണം പല കാരണങ്ങൾ കൊണ്ട് നീണ്ടുപോകുകായിരുന്നു. ഒടുവിൽ 2023ൽ പദ്ധതി യാഥാർഥ്യമാക്കുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. നിർമാണ പ്രവൃത്തികൾ ഇപ്പോൾ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്തിന് മുമ്പ് തന്നെ പദ്ധതി യാഥാർഥ്യമാകുമെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
പുലിമുട്ട് നിർമാണം 1050 മീറ്റർ പൂർത്തീകരിച്ചു കഴിഞ്ഞു. പുലിമുട്ടിനായുള്ള കല്ല് നിക്ഷേപം പ്രതിദിനം 10,000 ടണ്ണായിരുന്നത് 13,000 ടൺ ആയി വർധിപ്പിച്ചിട്ടുണ്ട്. ഇത് 15,000 ടൺ ആയി ഉയർത്താനും അവലോകന യോഗത്തിൽ തീരുമാനമായി. പാറ ലഭ്യതക്കുറവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്‌നം തമിഴ്‌നാട് സർക്കാരുമായി സംസാരിച്ച് പരിഹരിച്ചെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി പ്രദേശത്തെ മറ്റു വിഷയങ്ങൾ പരിഹരിക്കാൻ അടുത്ത മാസം യോഗം ചേരും.