പൊന്നിന്‍ ചിങ്ങം പിറന്നു; പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് മലയാളികള്‍
പൊന്നോണം വിരുന്നെത്തുന്ന മാസമാണ് ചിങ്ങം. കേരളത്തിന്‍റെ മുറ്റത്ത് പൂക്കളം നിറയുന്ന കാലം
കോഴിക്കോട്: ഇന്ന് ചിങ്ങം ഒന്ന്, കര്‍ഷക ദിനം. മലയാള വർഷാരംഭം കൂടിയാണ് ചിങ്ങം. കാർഷിക സംസ്കൃതിയുടെ ഓർമപ്പെടുത്തലുമായാണ് ചിങ്ങം പുലരുന്നത്.
പൊന്നോണം വിരുന്നെത്തുന്ന മാസമാണ് ചിങ്ങം. കേരളത്തിന്‍റെ മുറ്റത്ത് പൂക്കളം നിറയുന്ന കാലം. കര്‍ക്കടകം നല്‍കിയ ഇല്ലായ്മകളെ ഈ പൊന്നിന്‍ ചിങ്ങപ്പുലരിയിലൂടെ മാറ്റിയെടുക്കാമെന്നുള്ള പ്രതീക്ഷ നല്കുന്ന മാസം. കര്‍ഷക ദിനമാണ് ചിങ്ങം ഒന്ന്. വയലുകളില്‍ സമൃദ്ധിയുടെ കാഴ്ചകള്‍ നിറയേണ്ട സമയം. ഇക്കുറി പക്ഷേ കള്ളകര്‍ക്കിടകം കര്‍ഷകനെ ചതിച്ചു. കണ്ണീരായിരുന്നു സമ്പാദ്യം..
വിളവിറക്കാന്‍ ഇനിയുള്ള നല്ല നാളുകള്‍ക്കായി മണ്ണൊരുക്കും കര്‍ഷകന്‍. ഞാറ്റുപാട്ടിന്‍റെ ഈരടിയില്‍ മണ്ണറിഞ്ഞ് കൃഷിയിറക്കും. ഗൃഹാതുരമായ ഓര്‍മ്മകളിലേക്കുള്ള തിരിച്ച് പോകല്‍ കൂടിയാണ് ചിങ്ങം കര്‍ഷകന്. ചിങ്ങമാസത്തിന്‍റെ അവസാന നാളുകളിലാണ് ഇക്കുറി തിരുവോണമെത്തുന്നത്. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ പൂക്കളും നാട് നിറയെ വിടരുന്നുണ്ട്.