ഇന്ന് അത്തം; പൂക്കളമൊരുക്കി പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളി
അത്തച്ചമയ ഘോഷയാത്ര ഇന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും
കൊച്ചി: ഇന്ന് അത്തം. ഇനി പത്താം നാള്‍ തിരുവോണം. പൂക്കളിറുക്കി പൂക്കളമൊരുക്കി മഹാബലിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. പ്രളയത്തിനും കോവിഡ് മഹമാരിക്ക് ശേഷം ഇത്തവണം ഓണം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് കേരളം. സെപ്തംബര്‍ 8നാണ് തിരുവോണം.
തൃപ്പൂണിത്തുറ അത്തച്ചമയം ഇത്തവണ പൊടിപൊടിക്കും
തൃപ്പൂണിത്തുറയില്‍ അത്തം ആഘോഷം ഇത്തവണ പൊടിപൊടിക്കും. അത്തച്ചമയ ഘോഷയാത്ര ഇന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളാല്‍ സന്പന്നമാക്കിയാണ് 9 ദിവസം നീളുന്ന ആഘോഷം നടക്കുക.
തൃപ്പൂണിത്തുറ ഒരുങ്ങിക്കഴിഞ്ഞു.. ഇന്ന് രാവിലെ അത്തപതാക ഉയർത്തുന്നതോടെ ആഘോഷം തുടങ്ങുകയായി. ആനയും വാദ്യ മേളങ്ങളും മുത്തുക്കുടകളും അണിനിരക്കുന്ന ആഘോഷപൂർണമായ ഘോഷയാത്ര തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂളില്‍ നിന്ന് ആരംഭിക്കും. നിശ്ചല ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 75 പ്ലോട്ടുകളുമുണ്ടാകും ഘോഷയാത്രയില്‍. മന്ത്രി പി രാജീവ്, കെ ബാബു എംഎല്‍എ, കലക്ടർ രേണുരാജ് തുടങ്ങി നിരവധി പേർ പരിപാടിക്കെത്തും.
വൈകിട്ട് ലായം കൂത്തമ്പലത്തില്‍ സാംസ്കാരിക പരിപാടികള്‍ നടന്‍ ഹരിശ്രീ അശോകന്‍ ഉദ്ഘാടനം ചെയ്യും. ഒമ്പത് ദിവസവും നാടകവും സംഗീത പരിപാടികളുള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ വിവിധ അരങ്ങുകളിലായി കാഴ്ചക്കാരിലേക്കെത്തും. ഉത്രാട ദിനത്തില്‍ അത്തപതാക തൃക്കാക്കരയിലേക്ക് ഘോഷയാത്രായി കൊണ്ടുപോകുന്നതോടെയാണ് ആഘോഷദിനങ്ങള്‍ക്ക് സമാപനമാവുക. ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.