സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരള തീരത്ത് 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ കോമോരിൻ പ്രദേശങ്ങളിൽനിന്നുള്ള ഈർപ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം.
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവർ, അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളുമെല്ലാം അപകട സാധ്യത മുന്നിൽകണ്ടുകൊണ്ടുള്ള തയാറെടുപ്പുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞ ദിവസം നിർദേശമുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാംപുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021ലൂടെ നിർദേശിച്ച തരത്തിലുള്ള തയാറെടുപ്പുകൾ പൂർത്തീകരിക്കണം.
സംസ്ഥാനത്തുടനീളം കനത്ത മഴ; കെടുതി
കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മലപ്പുറത്ത് കനത്ത മഴയും ശക്തമായ കാറ്റുമുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകി. കൊല്ലത്ത് തീരപ്രദേശത്തും മലയോര മേഖലയിലും ശക്തമായ മഴ പെയ്തു. പത്തനംതിട്ട, അടൂർ, പന്തളം, തിരുവല്ല, കോഴഞ്ചേരി മേഖലകളിലും മഴ ശക്തമാണ്.
തിരുവനന്തപുരം പോത്തൻകോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു. മണലകം വാർഡിൽ ജോലി ചെയ്യുകയായിരുന്ന ഒൻപതുപേർക്കാണ് മിന്നലേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പാലക്കാട് പനയംപാടത്ത് പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. അഗളി ഡിവൈ.എസ്.പിയുടെ വാഹനമാണ് മറിഞ്ഞത്. മേഖലയിൽ ശക്തമായ മഴയുണ്ട്.
കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കരിയിൽ സ്വദേശി ജോയ്(50) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ കോഴിക്കോട് നാദാപുരം വലിയ ജുമാ മസ്ജിദിന്റെ ഓടുകൾ പറന്നുപോയി. നാദാപുരം താലൂക്ക് ആശുപത്രിയിലെ ആസ്ബസ്‌റ്റോസ് ഷീറ്റുകളും കാറ്റിൽ പറന്നു.
Summary: Heavy rain expected in the state today; Yellow alert declared in seven districts