'ഉറങ്ങിപ്പോയിട്ടില്ല; അപകടകാരണം കെ.എസ്.ആർ.ടി.സി പെട്ടെന്ന് ബ്രേക്കിട്ടത്'; ന്യായീകരിച്ച് ടൂറിസ്റ്റ് ബസ് ഡ്രൈവർ

കൊല്ലത്ത് നിന്ന് വടക്കഞ്ചേരിയിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് ജോമോന്റെ പ്രതികരണം.

Update: 2022-10-06 17:23 GMT
Advertising

തൃശൂർ: വടക്കഞ്ചേരിയിൽ ഒമ്പതു പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിൽ ന്യായീകരണവുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ. കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടത് കാരണമാണ് പിറകിൽ പോയി ഇടിച്ചതെന്നും താൻ ഉറങ്ങിപ്പോയിട്ടില്ലെന്നുമാണ് ജോമോന്റെ പ്രതികരണം.

‌തന്റെ കൈയില്‍ നിന്ന് വാഹനം നിയന്ത്രണം വിട്ടിട്ടില്ലെന്നും ഇയാൾ പറഞ്ഞു. കൊല്ലത്ത് നിന്ന് വടക്കഞ്ചേരിയിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് ജോമോന്റെ പ്രതികരണം. ആലത്തൂര്‍ ഡിവൈ.എസ്.പി ആര്‍ അശോകന്റെ നേതൃത്വത്തില്‍ ജോമോനെ വിശദമായി ചോദ്യം ചെയ്യും. നാളെയാണ് ചോദ്യം ചെയ്യൽ. ഇന്ന് പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കും.

ഇന്നലെ അപകടത്തിനു പിന്നാലെ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയതിനു പിന്നാലെ ഇന്ന് പുലർച്ചെയാണ് ഇയാള്‍ ഇവിടെ നിന്നും മുങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ചവറയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഗുരുതരമായ നിയമലംഘനം നടത്തിയെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് പറഞ്ഞിരുന്നു. സംഭവം നടക്കുന്നതിന് മുമ്പ് അമിതവേഗം ചൂണ്ടിക്കാട്ടി ഉടമയുടെ ഫോണിലേക്ക് അലർട്ട് പോയിരുന്നുവെന്നും വണ്ടിയിൽ അനധികൃതമായി ഒരുപാട് മോഡിഫിക്കേഷനുകൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതൊക്കെ പരിശോധനക്ക് വിധേയമാക്കുകയും കർശന നടപടി സ്വീകരിക്കും. ഇന്നലെ അർധരാത്രിയോടെയാണ് പാലക്കാട്-തൃശൂർ ദേശീയപാതയിലെ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സിയുടെ പിന്നിൽ ഇടിച്ചുകയറി ഒമ്പതു പേർ മരിച്ചത്.

അഞ്ച് കുട്ടികളും ഒരു അധ്യാപകനും കെ.എസ്.ആർ.ടി.സിയിലെ മൂന്ന് അധ്യാപകരുമാണ് മരിച്ചത്. സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് കുട്ടികളുമായി വിനോദയാത്ര പോവുകയായിരുന്നു ബസ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News