കേരളത്തില്‍ ടിപിആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും

15 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ളയിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം

Update: 2021-06-29 01:23 GMT
Advertising

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകിട്ട് അവലോകന യോഗം ചേരും. ടിപിആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ടിപിആര്‍ നിരക്ക് കാര്യമായി കുറയാത്തത് കൊണ്ട് കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ ടിപിആര്‍ നിരക്ക് 24 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് കടുത്ത നിയന്ത്രണം. എന്നാല്‍ 15 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ളയിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. 10നും 15നും ഇടയില്‍ ടിപിആര്‍ ഉള്ളയിടങ്ങളില്‍ ലോക്ക്ഡൌണും അഞ്ചിന് താഴെയുള്ളയിടങ്ങളില്‍ കൂടുതല്‍ ഇളവുകളും അനുവദിക്കണമെന്നാണ് ശിപാര്‍ശ.

തൊഴില്‍ മേഖലയുടെ പ്രതിസന്ധി കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനമെടുക്കുക. പൂര്‍ണമായ തുറന്ന് കൊടുക്കലിലേക്ക് പോയാല്‍ രോഗവ്യാപനം വീണ്ടും വര്‍ധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. ഇത് കൂടി പരിഗണിച്ചുള്ള നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏര്‍പ്പെടുത്തുക. ആരാധനാലയങ്ങളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തില്‍ നിന്നും വരുന്ന രോഗികൾ ഉൾപ്പടെയുള്ളവര്‍ക്ക് കര്‍ണാടക ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിയന്ത്രണം അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. കേരളത്തിൽ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നതെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ഡോ. രാജേന്ദ്ര പറഞ്ഞു. തലപ്പാടി ഉള്‍പ്പെടെ അതിര്‍ത്തി മേഖലകളില്‍ പരിശോധന കർശനമാക്കും. ഇതിനായി അതിർത്തികളിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News