'നാല് മാസമായില്ലേ, ഇനി ആത്മഹത്യ ചെയ്യണോ?' തൊണ്ടയിടറി യുവാവ്
'ആറു ദിവസത്തെ ശമ്പളം കട്ട് ചെയ്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചത് കണ്ടതാണ്. ഞങ്ങളെന്ത് ചെയ്യും?'
ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും വ്യാപാരികളുടെ കഷ്ടപ്പാടുകളും വിശദീകരിച്ചുകൊണ്ടുള്ള യുവാവിന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നെടുമങ്ങാട് നഗരസഭയില്‍ നടന്ന അവലോകന യോഗത്തില്‍ അര്‍ഷാദ് എന്ന യുവാവാണ് വ്യാപാരികളുടെ ദുരിതം ശബ്ദമിടറി വിശദീകരിച്ചത്.
'കഴിഞ്ഞ മെയ് മാസത്തിലാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്. അതിനിടെ പത്തോ പതിനഞ്ചോ ദിവസമാണ് കട തുറക്കാന്‍ കഴിഞ്ഞത്. ടിപിആറിന്‍റെ അശാസ്ത്രീയത കലക്ടറും ഡിഎംഒയുമൊക്കെ സമ്മതിച്ചതാണ്. കാസര്‍കോട് ഒരു സ്ഥലത്ത് ഒരാള്‍ക്ക് ടെസ്റ്റ് മാത്രം ചെയ്തപ്പോള്‍ പോസിറ്റീവ്. അതോടെ അവിടെ ടിപിആര്‍ 100 ശതമാനം. നമുക്ക് കോവിഡ് ഇല്ലാത്ത കൂടുതല്‍ ആളുകളെ കൊണ്ടുവന്ന് പരിശോധിച്ച് ടിപിആര്‍ കുറയ്ക്കാനൊന്നും കഴിയില്ല.
ഇവിടെ അടച്ചിടുന്നതിനുള്ള മാനദണ്ഡം ചെരുപ്പ് കട, ഫാന്‍സി കട, തുണിക്കട ഇതൊക്കെയാണ്. ചെരുപ്പ് പൊട്ടിയവനല്ലേ ചെരുപ്പ് വാങ്ങാന്‍ പോകുകയുള്ളൂ. ചെരുപ്പ് പൊട്ടാത്തവന്‍ ചെരുപ്പ് വാങ്ങാന്‍ കടയില്‍ പോകില്ല. ഫാന്‍സി കടയിലും തുണിക്കടയിലും ആവശ്യക്കാര്‍ മാത്രമേ പോകുകയുള്ളൂ. ബുദ്ധിമുട്ട് കൊണ്ടാണ് പറയുന്നത്. കഴിഞ്ഞ നാലു മാസമായി കടകള്‍ അടച്ചിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം ലഭിച്ചില്ലെങ്കില്‍ ആരെങ്കിലും ജോലിക്ക് പോകുമോ. അവര്‍ക്ക് അസോസിയേഷന്‍ ഉണ്ട്, സംഘടനയുണ്ട്. കഴിഞ്ഞ വര്‍ഷം ആറു ദിവസത്തെ ശമ്പളം കട്ട് ചെയ്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചത് കണ്ടതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ മാസം നാലു ദിവസം ജോലി ചെയ്താല്‍ മുഴുവന്‍ ശമ്പളം. നമ്മള്‍ കട അടച്ചിട്ടാല്‍ കടയുടെ ലോണ്‍, അഡ്വാന്‍സ്.. അങ്ങനെ എത്ര വ്യാപാരികളാണ് ആത്മഹത്യയുടെ വക്കിലാണ് എന്ന് പറഞ്ഞ് വിളിക്കുന്നത്. നമ്മള്‍ വീടുകളില്‍ ചെന്ന് ആശ്വസിപ്പിക്കുകയാണ്. ഇനിയും അടച്ചിട്ടാല്‍ ആത്മഹത്യയല്ലാതെ വഴിയില്ല. എവിടെ നിന്നാണ് വരുമാനം. മൊറട്ടൊറിയം പ്രഖ്യാപിച്ചിട്ടില്ല, വാടക ഇളവില്ല. നമ്മളെല്ലാം സ്വയം തൊഴില്‍ ചെയ്യുന്നവരല്ലേ? ഭാര്യയുടെ കെട്ടുതാലി വരെ പണയം വെച്ച് അഡ്വാന്‍സ് നല്‍കിയവരുണ്ട്. കടം വാങ്ങിച്ച് സാധനങ്ങളിറക്കി. കോവിഡിനെ എല്ലാവര്‍ക്കും പേടിയുണ്ട്. ജീവനില്‍ ഭയമുണ്ട്. പക്ഷേ നമുക്കും ജീവിക്കണം. മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണ്‍ പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണം. വാര്‍ഡ് തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. അല്ലാതെ ഒരു പ്രദേശം മുഴുവന്‍ അടച്ചിട്ടിട്ട് അവിടെ നിന്ന് പുറത്തിറങ്ങി തിരുവനന്തപുരം നഗരത്തില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഇവിടത്തെ വ്യാപാരികള്‍ക്കാണ് കച്ചവടം നഷ്ടപ്പെടുന്നത്. നമ്മളെന്ത് ചെയ്യും? നമ്മള്‍ ആത്മഹത്യ ചെയ്യണോ?
ഇവിടെ ബിവറേജ് തുറന്ന് അവിടത്തെ കമ്പിയില്‍ പിടിച്ച് എത്ര പേര്‍ക്കാണ് രോഗബാധയുണ്ടായത്? കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോകുമ്പോള്‍ ടിക്കറ്റ് കൊടുക്കുന്നത് ഒരേ കണ്ടക്ടറാണ്. ഒരേ കമ്പിയിലാണ് പിടിക്കുന്നത്. എവിടെയെങ്കിലും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ടോ? ബസില്‍ കയറുന്നവര്‍ക്കെല്ലാം കോവിഡ് ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഏതെങ്കിലും പൊലീസുകാര്‍ ബസില്‍ കൂടുതല്‍ ആളുകളുണ്ടെന്ന് പറഞ്ഞ് പെറ്റി അടിച്ചിട്ടുണ്ടോ? നിവൃത്തി ഇല്ലാതെയാണ് ഇങ്ങനെ പറയുന്നത്. ഇനി പിടിച്ചുനില്‍ക്കാനാവില്ല. ഓരോരുത്തരും ആത്മഹത്യയുടെ വക്കിലാണ്. നാല് മാസമായില്ലേ? ലോണ്‍ അടയ്ക്കാത്തതിന് ബാങ്കുകള്‍ വിളിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അടിയന്തരമായി ഒരു പരിഹാരം ഉണ്ടാക്കിത്തരണം. ഇനിയും പിടിച്ചുനില്‍ക്കാനാവില്ല'.