സിഗ്നൽ തകരാർ പരിഹരിച്ചില്ല; എറണാകുളം വഴിയുള്ള ട്രെയിനുകൾ വൈകിയോടുന്നു
പല ട്രെയിനുകളും ഭാഗികമായി റദ്ദാക്കി
കൊച്ചി: ഇന്നലെ പെയ്ത കനത്ത മഴയില്‍ എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ സിഗ്നല്‍ സംവിധാനങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗത്തില്‍ നിയന്ത്രണം തുടരുന്നു. പല ട്രെയിനുകളും വൈകിയോടുകയാണ്. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.എറണാകുളം വഴി കടന്നു പോകേണ്ട മറ്റു പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയോടുകയാണ്.
കായംകുളത്ത് നിന്ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദാക്കി. ഏറനാട് എക്‌സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകും. 2 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്‌സ്പ്രസ് പുറപ്പെടുക 3 മണിക്കാണ്. ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് 6 മണിക്കൂർ 10 മിനിറ്റ് വൈകി ഉച്ചക്ക് 12.45നേ പുറപ്പെടുകയൊള്ളൂ. രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂർ പോകേണ്ട സൂപ്പർ ഫാസ്റ്റ് 11.15 ന് പുറപ്പെടും.
എറണാകുളം വഴി കടന്നു പോകേണ്ട മറ്റു പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയോടുകയാണ്. എറണാകുളം ഡി ക്യാബിൻ അടക്കമുള്ള സ്ഥലങ്ങളിൽ ട്രാക്കിൽ നിന്നും വെള്ളമൊഴിഞ്ഞെങ്കിലും ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്. ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധന മാനുവൽ രീതിയിൽ നടത്തേണ്ടത് സമയക്രമത്തെ ബാധിക്കുന്നുവെന്നും റെയിൽവേ അറിയിച്ചു.