വാഹനങ്ങളിൽ കൂളിങ് ഫിലിമിന് അനുവാദമില്ല: ഗതാഗതമന്ത്രി
വാഹനങ്ങളുടെ മുൻ-പിൻ സേഫ്റ്റി ഗ്ലാസ്സുകളിൽ കുറഞ്ഞത് 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹനചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം : വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കുവാൻ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വാഹനങ്ങളുടെ മുൻ-പിൻ സേഫ്റ്റി ഗ്ലാസ്സുകളിൽ കുറഞ്ഞത് 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹനചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളിൽ ഒട്ടിക്കരുത് എന്ന് കോടതി വിധിയും നിലവിലുണ്ട്. ഇത് സംബന്ധിച്ച് നിലവിലെ നിയമം ദുർവ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഗ്ലെയിസിങ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ വാഹനങ്ങളിൽ സൺഫിലിം ഉപയോഗിക്കാൻ നിയമം അനുവദിക്കാത്തതിനാൽ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി.