ട്രാവൻകൂർ ഷുഗേഴ്സില്‍ വന്‍ സ്പിരിറ്റ് വെട്ടിപ്പ്: മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവല്ലയിലേക്ക് ലോഡുമായെത്തുന്ന ടാങ്കറുകളിൽ നിന്നും സ്പിരിറ്റ് മോഷ്ടിച്ചാണ് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയത്

Update: 2021-07-01 03:28 GMT
Advertising

പൊതുമേഖലാ സ്ഥാപനമായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് വെട്ടിപ്പ് കേസിൽ ജനറൽ മാനേജറടക്കം 7 പേർ പ്രതികളാവും. ജനറൽ മാനേജർ അലക്സ് പി എബ്രഹാമിനെ നാലാം പ്രതിയാക്കും. സ്പിരിറ്റ് ചോർത്തി വിൽക്കാൻ സഹായിച്ചത് മധ്യപ്രദേശ് സ്വദേശി അബു എന്നായാളാണെന്ന് കണ്ടെത്തി. ഒരു ജീവനക്കാരനടക്കം മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

എക്സൈസ് എന്‍ഫോഴ്സ്മെന്‍റിന്‍റെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് വ്യക്തമായത്. മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിയില്‍ നിന്നും തിരുവല്ലയിലേക്ക് ലോഡുമായെത്തുന്ന ടാങ്കറുകളിൽ നിന്നും സ്പിരിറ്റ് മോഷ്ടിച്ചാണ് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയത്.

തിരുവല്ല വളഞ്ഞവട്ടത്ത് പ്രവർത്തിക്കുന്ന ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സിലേക്ക് മഹാരാഷ്ട്രയിൽ നിന്നും കൊണ്ടുവന്ന 115000 ലിറ്ററില്‍ 19000 ലിറ്ററും വെട്ടിച്ച് കടത്തിയതായാണ് പരിശോധനയില്‍ വ്യക്തമായത്. സംസ്ഥാന എക്സൈസ് എന്ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ മാസങ്ങളായി നടന്ന നിരീക്ഷണങ്ങള്‍ക്ക് ഒടുവിലായിരുന്നു പരിശോധന. മൂന്ന് ടാങ്കറുകളിലായി എത്തിച്ച സ്പിരിറ്റ് ഡ്രൈവര്‍മാരും ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സ് ജീവനക്കാരനും ചേര്‍ന്ന് സംസ്ഥാന അതിര്‍ത്തി കടക്കും മുന്‍പ് മറിച്ച് വിറ്റതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

എക്സൈസ് എന്‍ഫോഴ്സ്മെന്‍റിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തെക്കൂടി പങ്കെടുപ്പിച്ചാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ഡ്രൈവര്‍മാരെ ചോദ്യംചെയ്തതോടെ ഇവരില്‍ രഹസ്യമായി സൂക്ഷിച്ച 10 ലക്ഷം രൂപ കണ്ടെടുക്കാനും അന്വേഷണ സംഘത്തിന് സാധിച്ചു. പ്രാഥമിക ചോദ്യംചെയ്യലില്‍ സംസ്ഥാനത്തിന് പുറത്ത് വെച്ച് സ്പിരിറ്റ് മറിച്ച് വിറ്റു. ജീവനക്കാരന് കൈമാറാനുള്ള ലാഭ വിഹിതമാണ് കയ്യിലെ പണമെന്നും ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വമ്പന്‍ തട്ടിപ്പ് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കേസില്‍ പൊലീസിനെയും ഉള്‍പ്പെടുത്തി അന്വേഷണം വിപുലപ്പെടുത്താനാണ് എക്സൈസ് സംഘം തീരുമാനിച്ചിരിക്കുന്നത്.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News