ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സില്‍ മദ്യ ഉത്പാദനം നിര്‍ത്തിവെച്ചു
മധ്യപ്രശില്‍ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റര്‍ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്.
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സില്‍ മദ്യ ഉത്പാദനം നിര്‍ത്തിവെച്ചു. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് തട്ടിപ്പില്‍ പ്രതികളായതിനെ തുടര്‍ന്നാണ് നടപടി. എക്‌സൈസ് വകുപ്പിന് കീഴില്‍ നിലവില്‍ 10 സ്ഥിരം ജീവനക്കാരും 28 താത്കാലിക ജീവനക്കാരും 117 കരാര്‍ ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പുറത്തിറക്കുന്ന ' ജവാന്‍ റം ' ആണ് ടി.എസ്.സിയില്‍ ഉത്പാദിക്കുന്നത്.
മദ്യനിര്‍മാണത്തിന് എത്തിച്ച 20,000 ലിറ്റര്‍ സ്പിരിറ്റ് മറിച്ചുവിറ്റെന്നായിരുന്നു എക്‌സൈസ് കണ്ടെത്തല്‍. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന സ്പിരിറ്റ് വെട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. മൂന്നുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഫാക്ടറി ജീവനക്കാരന്‍ അരുണ്‍കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ സിജോ, നന്ദകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജനറല്‍ മാനേജര്‍ അലക്സ് പി. ഏബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷെഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി, ടാങ്കറിലെത്തിച്ച സ്പിരിറ്റ് മറിച്ചു വില്‍ക്കാന്‍ സഹായിച്ച മധ്യപ്രദേശ് ബൈത്തുള്‍ സ്വദേശി അബു എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റ് നാലുപേര്‍.
മധ്യപ്രശില്‍ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റര്‍ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളില്‍ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തിയതോടെ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ജീവനക്കാരന്‍ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കര്‍ ഡ്രൈവര്‍മാരുടെ മൊഴി. അരുണിനെയും ഡ്രൈവര്‍മാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോഴാണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശില്‍ നിന്നും ടാങ്കറില്‍ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവര്‍മാരും ചേര്‍ന്ന് ലിറ്ററിന് 50 രൂപയ്ക്ക് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ മറിച്ചു വിറ്റത്.