ട്രാവൻകൂർ ഷുഗേഴ്സ് തട്ടിപ്പ്; പ്രതികളായ ഉന്നത ഉദ്യോസ്ഥരെ ചോദ്യം ചെയ്ത് വിട്ടയച്ചു
കേസിൽ അറസ്റ്റിലായ മൂന്ന് പേർക്കെതിരെ ഉദ്യോഗസ്ഥർ മൊഴിനൽകിയിട്ടുണ്ട്
സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് സിപിരിറ്റുമായി എത്തിയ ടാങ്കർ ലോറികളിൽനിന്ന് സ്പിരിറ്റ് മറിച്ചുവിറ്റ സംഭവത്തിൽ പ്രതികളായ ഉന്നത ഉദ്യോസ്ഥരെ ചോദ്യം ചെയ്തു വിട്ടയച്ചു. കേസിൽ അറസ്റ്റിലായ മൂന്ന് പേർക്കെതിരെ ഉദ്യോഗസ്ഥർ മൊഴിനൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥർ പൊലീസിന് മുന്നിൽ ഹാജരായത്. പ്രത്രികൾക്ക് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന മറുപടിയാണ് പ്രതികൾ ആവർത്തിച്ചത്.
മധ്യപ്രദേശിലെ ബർവാഹയിലെ സർക്കാർ ഫാക്ടറിയിൽനിന്ന് 1.15 ലക്ഷം ലിറ്റർ സ്പിരിറ്റുമായി മൂന്ന് ടാങ്കർ ലോറി കേരള അതിർത്തിയിൽ എത്തിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടർന്ന് സംഘം വാഹനങ്ങളെ പിന്തുടർന്ന് ട്രാവൻകൂർ ഷുഗേഴ്സിൽ എത്തി പരിശോധിച്ചപ്പോഴാണ് രണ്ടു ലോറികളിൽ തട്ടിപ്പ് കണ്ടെത്തിയത്. ടാങ്കർ ലോറികളിൽനിന്ന് 20,687 ലിറ്റർ സ്പിരിറ്റാണ് മറിച്ചുവിറ്റത്.
അരുൺകുമാറിന്റെ നിർദേശപ്രകാരം മധ്യപ്രദേശിലെ ഫാക്ടറിയിൽനിന്ന് 70 കി.മീ. അകലെ സേന്തുവായിൽ ലോറി നിർത്തിയിടുന്ന സ്ഥലത്ത് അബു എത്തി രണ്ട് വാഹനത്തിൽനിന്ന് സ്പിരിറ്റ് ഊറ്റിയെടുക്കുകയായിരുന്നെന്നാണ് മൊഴി. ഇ-ലോക്ക് ഘടിപ്പിച്ച വാഹനത്തിനുമുകളിലെ പൂട്ടുകൾ അറുത്തുമാറ്റിയാണ് ആറ് അറയിലായി സൂക്ഷിച്ച സ്പിരിറ്റ് ഊറ്റിയത്.