'നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം തെറ്റിദ്ധാരണ പരത്തരുത്'; ക്രൈം ബ്രാഞ്ചിനെ വിമർശിച്ച് വിചാരണ കോടതി
ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയും ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണം നടത്തുന്ന സംഘത്തിന് വിചാരണക്കോടതിയുടെ വിമർശനം. ഉത്തരവുകൾ ദുർവ്യാഖ്യാനം ചെയ്ത് അന്വേഷണ സംഘം തെറ്റിദ്ധാരണ പരത്തരുതെന്ന് കോടതി നിർദേശിച്ചു . ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ക്രൈംബ്രാഞ്ചിനെ വിമർശിച്ചത്.
അന്വേഷണ സംഘവും പ്രോസിക്യൂഷനും കോടതിയുടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കരുതെന്നായിരുന്നു വിചാരണ കോടതി സൂചിപ്പിച്ചത്. രേഖകൾ ചോർന്നാൽ അന്വേഷണം നടത്തേണ്ടത് കോടതിയാണ്. പൊലീസിന് സ്വമേധയാ ഇടപെടാനാവില്ല. ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്താൻ കോടതിക്ക് സംവിധാനമുണ്ടെന്നും ജഡ്ജി ഹണി. എം. വർഗ്ഗീസ് വ്യക്തമാക്കി. ഫോണിൽ നിന്ന് ലഭിച്ച രേഖകളടങ്ങിയ സി.ഡി കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ സുപ്രിം കോടതി നിർദ്ദേശിച്ചതനുസരിച്ച് ലഭിച്ച രേഖകളാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് ഏപ്രിൽ 21 ലേക്ക് മാറ്റി.
അതേ സമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയും ഇന്ന് ചോദ്യം ചെയ്യും .രാവിലെ ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ.കേസിൽ കാവ്യയെ ചോദ്യം ചെയ്യേണ്ട തീയതി പിന്നീട് തീരുമാനിക്കും.ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അനൂപിനും സഹോദരി ഭർത്താവ് സുരാജിനും ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് പുതിയ നോട്ടീസയച്ചത്. മുമ്പ് നോട്ടീസ് അയച്ചെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. സ്ഥലത്തില്ലാത്തതിനാലാണ് ഹാജരാകാത്തതെന്നും ബുധനാഴ്ചയ്ക്ക് ശേഷം എന്നുവേണമെങ്കിലും ചോദ്യംചെയ്യലിന് എത്താമെന്നും ഇരുവരും അറിയിച്ചിരുന്നു. ഇതേതുടർന്നാണ് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് അയച്ചത്. അനൂപും സുരാജും ഇന്ന് ചോദ്യംചെയ്യലിന് എത്തുമെന്ന് ഇവരുടെ അഭിഭാഷകൻ പറഞ്ഞു.
കേസിന്റെ അടുത്ത ഘട്ടം കാവ്യ മാധവനെ ചോദ്യം ചെയ്യലാണ്. കാവ്യക്കു വേണ്ടിയാണ് നടിയെ ആക്രമിക്കാൻ ദിലീപ് കൊട്ടേഷൻ നൽകിയതെന്ന് വ്യക്തമാക്കുന്ന സുരാജിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാൽ ഇത് അന്വേഷണസംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കാവ്യയെ ചോദ്യം ചെയ്യുന്നതോടെ ഇതിൽ വ്യക്തത വരും. കാവ്യയെ എവിടെ വെച്ച് ചോദ്യം ചെയ്യും എന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ആലുവയിലെ വീട്ടിൽ വച്ച് ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തിയുള്ള ചോദ്യംചെയ്യൽ സാധ്യമല്ലെന്ന നിലപാടിലാണ് ഇപ്പോഴും അന്വേഷണസംഘം.