കതിരൂർ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ല; സിബിഐ ആവശ്യം രാഷ്ട്രീയപരമെന്ന് സുപ്രീംകോടതി
നാല് മാസത്തിനുള്ളിൽ കേസിന്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു
ന്യൂഡല്‍ഹി: ആർ.എസ്.എസ് നേതാവ് കതിരൂർ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. സി.ബി.ഐയുടെ ആവശ്യം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് കോടതി വിമർശിച്ചു . നാല് മാസത്തിനുള്ളിൽ കേസിന്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി.
എറണാകുളത്ത് സി.ബി.ഐ കോടതി തന്നെയാണ് കതിരൂർ മനോജ് കൊലക്കേസ് വിചാരണ നടത്തുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനത്തോടെ സിബിഐയുടെ ഹരജി തള്ളിയത്. സി.ബി.ഐയുടെ അവശ്യ പ്രകാരമാണ് നേരത്തെ തലശേരിയിൽ നിന്നും എറണാകുളത്തേക്കു വിചാരണ മാറ്റിയത്. പി ജയരാജൻ ഉൾപ്പെടെയുള്ളവർ പ്രതികളായ കേസ് കേരളത്തിന് വെളിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സി.ബി.ഐ ഇന്നും ഉറച്ചു നിൽക്കുകയായിരുന്നു .
കേസ് സ്വാധീനപ്പെടാനുള്ള സാധ്യതയ ഉയർത്തിക്കാട്ടിയത് ഈ വാദം ഉയർത്തിയത്. എന്നാൽ 2018ല്‍ സമർപ്പിക്കപ്പെട്ട ട്രാൻസ്ഫർ പെറ്റിഷൻ നീട്ടി കൊണ്ടുപോയത് സി.ബി.ഐ തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണ കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ കൃഷ്ണമുരാരി, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്നതിന് മുൻപേ ഹരജിയിൽ കക്ഷി ആക്കണമെന്ന് പി . ജയരാജൻ ഉൾപ്പെടെ 23 പ്രതികൾ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.