വിശ്വനാഥന്‍റെ മരണം; എസ്.സി-എസ്.ടി വകുപ്പ് ഇപ്പോള്‍ ചുമത്തില്ലെന്ന് പൊലീസ്
പ്രതികളെ കണ്ടെത്താതെ വകുപ്പ് ചുമത്തേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം
മാനന്തവാടി: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തില്‍ എസ്.സി-എസ്.ടി പീഡന നിരോധന വകുപ്പ് ചുമത്തി ഇപ്പോള്‍ കേസെടുക്കില്ലെന്ന് പൊലീസ്. പ്രതികളെ കണ്ടെത്താതെ വകുപ്പ് ചുമത്തേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.
വിശ്വനാഥനെ ആള്‍ക്കൂട്ടം വളഞ്ഞിരിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ അവ്യക്തമാണെന്നും പൊലീസ് പറഞ്ഞു . വിശ്വനാഥന്‍റെ മരണത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് എസ്.സി-എസ്.ടി കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം വിശ്വനാഥന്‍റെ വയനാട്ടിലെ വീട് എസ്.സി-എസ്.ടി കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി ഇന്ന് സന്ദര്‍ശിക്കും.
ഞായറാഴ്ചയാണ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പണവും മൊബൈലും മോഷ്ടിച്ചെന്നാരോപിച്ച് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നെന്നും കുടുംബം പറയുന്നു. വിശ്വനാഥന്‍റെ മരണത്തില്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളിയിരിക്കുകയാണ് കുടുംബം. മരിച്ച വിശ്വനാഥന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളില്ല എന്നത് കള്ളമാണെന്നും ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടെന്ന് മൃതദേഹത്തിന്റെ ഫോട്ടോകൾ നിരത്തി സഹോദരങ്ങൾ പറഞ്ഞു. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർക്കെതിരെയും കുടുംബമെത്തി. ഡോക്ടറെ സസ്‌പെൻഡ് ചെയ്യണം. ഇത്രയും പരിക്കുകൾ ഉണ്ടായിട്ട് പിന്നെ പരിക്കുകളില്ലെന്ന് പറഞ്ഞ അയാളെ ആദ്യം പിടിക്കണമെന്നും നടന്നത് ആൾക്കൂട്ട മർദനമാണെന്നും വിശ്വനാഥന്റെ കുടുംബം ആരോപിച്ചു.