മാനന്തവാടിയിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയിൽ ശ്മശാനത്തിലെത്തിച്ച സംഭവം; ട്രൈബൽ പ്രൊമോട്ടര്‍ക്ക് സസ്പെന്‍ഷന്‍
ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ പ്രൊജക്റ്റ് ഓഫീസർക്കും റ്റിഡിഒ നിർദേശം നൽകി
വയനാട്: വയനാട് മാനന്തവാടിയിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലെത്തിച്ച സംഭവത്തിൽ ട്രൈബൽ പ്രൊമോട്ടറെ സസ്പെന്‍റ് ചെയ്തു. മരണവിവരം കൃത്യസമയത്ത് അറിയിക്കുന്നതിൽ പ്രൊമോട്ടറായ മഹേഷ് കാലതാമസം വരുത്തിയെന്ന് ട്രൈബൽ ഡെവലപ്പ്മെന്‍റ് ഓഫിസർ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ പ്രൊജക്റ്റ് ഓഫീസർക്കും റ്റിഡിഒ നിർദേശം നൽകി.
കഴിഞ്ഞ ദിവസം രാവിലെ മരിച്ച എടവക വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് പട്ടിക വർഗ വകുപ്പ് ആംബുലൻസ് അനുവദിക്കാത്തതിനാൽ ഇങ്ങനെ ഓട്ടോറിക്ഷയിൽ ശമശാനത്തിലേക്ക് കൊണ്ടു പോകേണ്ടി വന്നത്. മൃതദേഹം നാലു കിലോ മീറ്റർ അകലെയുള്ള പൊതു ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ പട്ടിക വർഗ വകുപ്പിനോട് ആംബുലൻസ് ആവശ്യപ്പെട്ട് വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും അനുവദിച്ചില്ലെന്നാണ് പരാതി. ആംബുലൻസ് കിട്ടാതായതോടെ കുടുംബം മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്നു.
മൃതദേഹത്തോട് പട്ടിക വർഗ വകുപ്പ് അനാദരവ് കാണിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് മാനന്തവാടിയിലെ ട്രൈബൽ ഡെവലപ്പ്മെന്‍റ് ഓഫിസ് ഉപരോധിച്ചു. പ്രതിഷേധത്തിനൊടുവിൽ, മരണ വിവരം കൃത്യ സമയത്ത് അറിയിച്ചില്ലെന്ന് കാട്ടി ട്രൈബൽ പ്രമോട്ടർ മഹേഷിനെ സസ്പെന്‍റ് ചെയ്ത ട്രൈബൽ ഡെവലപ്പ്മെന്‍റ് ഓഫീസർ, ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ പ്രൊജക്റ്റ് ഓഫിസർക്ക് നിർദേശവും നൽകി. നേരത്തെ പല ഊരുകളിലും സമാന സ്ഥിതി ഉണ്ടായെന്നും വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ പോലും ആദിവാസികൾക്ക് രക്ഷയില്ലാതായെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.