അന്ധകാരത്തോട് പാലത്തിലെ അപകട മരണം; പൊതുമരാമത്ത് അസിസ്റ്റന്‍റ് എൻജിനീയർ അറസ്റ്റിൽ
നപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി ഹിൽപാലസ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവർ മൂന്നായി
എറണാകുളം: തൃപ്പൂണിത്തുറ അന്ധകാരത്തോട് പാലത്തിലെ അപകട മരണത്തിൽ പൊതുമരാമത്ത് അസിസ്റ്റന്‍റ് എൻജിനീയർ അറസ്റ്റിൽ. മനപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി ഹിൽപാലസ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവർ മൂന്നായി.
നിർമ്മാണത്തിലുള്ള അന്ധകാരത്തോട് പാലത്തിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിലാണ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എൻജിനീയർ അറസ്റ്റിലായത്. പാലം വിഭാഗത്തിന്‍റെ ചുമതലയുള്ള വിനീത വർഗീസിനെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 304.A വകുപ്പ് പ്രകാരം മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ആണ് കേസ്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയവർ മൂന്നായി.
ഓവർ സിയർ ഇരുമ്പനം സുമേഷ്, കരാറുകാരൻ മൂവാറ്റുപുഴ സ്വദേശി വർക്കിച്ചൻ എന്നിവരെ ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയറടക്കം 4 പേരെ ചീഫ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി സസ്പെന്റ് ചെയ്തിരുന്നു. അതേസമയം അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന എരൂർ സ്വദേശി ആദർശിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി കോട്ടയം മെഡിക്കൽ കോളജ് ഡോക്ടർമാർ അറിയിച്ചു.