തൃപ്പൂണിത്തുറ സ്ഫോടനം; പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
ക്ഷേത്ര ഭരണ സമിതി, ഉത്സവ കമ്മിറ്റി, കരാറുകാർ എന്നിവരെ പ്രതിചേർത്ത് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.
കൊച്ചി: തൃപ്പൂണിക്കുറ സ്ഫോടനത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ കലക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ക്ഷേത്ര ഭരണ സമിതി, ഉത്സവ കമ്മിറ്റി, കരാറുകാർ എന്നിവരെ പ്രതിചേർത്ത് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. എക്സ്പ്ലോസീവ്സ് ആക്ട് ചുമത്തിയാണ് കേസ്.
തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയിലാണ് ഉഗ്രസ്ഫോടനമുണ്ടായത്. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. പരിക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുളള മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ചികിത്സക്കായി വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുളള മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.
സ്ഫോടനത്തിൽ സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ മേൽക്കൂരകളും ജനൽച്ചില്ലുകളും ഉള്‍പ്പെടെ തകര്‍ന്നു. വീട് തകര്‍ന്നവര്‍ക്കായി പുനരധിവാസ ക്യാമ്പ് തുറന്നിട്ടുണ്ട്. തൃപ്പൂണിത്തുറ ഗീതാജ്ഞലി ഓഡിറ്റോറിയത്തിലേക്കാണ് ആളുകളെ മാറ്റിയത്.
ഇന്ന് രാവിലെ 10.30-ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽനിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.